ന്യൂഡൽഹി: ബംഗ്ലാദേശിന്റെ ദേശീയ ദിനത്തോടനുബന്ധിച്ച് ഇടക്കാല സർക്കാരിനെ നയിക്കുന്ന മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസിന് കത്തയച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 1971-ലെ വിമോചന യുദ്ധത്തിലെ ഭാരതത്തിന്റെ പങ്ക് ഓർമിപ്പിച്ചുകൊണ്ടാണ് പ്രധാനമന്ത്രി കത്തയച്ചത്. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ശക്തമായ ബന്ധത്തിന്റെ അടിത്തറയെ കുറിച്ചും കത്തിൽ പരാമർശിക്കുന്നു.
ബംഗ്ലാദേശ് ദേശീയ ദിനത്തോടനുബന്ധിച്ച് ബംഗ്ലാദേശിലെ എല്ലാ ജനങ്ങൾക്കും ആശംസകൾ അറിയിച്ചുകൊണ്ടാണ് പ്രധാനമന്ത്രിയുടെ കത്ത് ആരംഭിക്കുന്നത്. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ഉഭയകക്ഷി പങ്കാളിത്തത്തിന് അടിത്തറയായും ചരിത്രത്തിന്റെയും ത്യാഗങ്ങളുടെയും അടയാളമായും ഈ ദിവസം നിലകൊള്ളും. ഇരുരാജ്യങ്ങളുടെയും അഭിലാഷങ്ങളും ലക്ഷ്യങ്ങളും നിറവേറ്റുന്നതിനും ഈ ബന്ധം മുന്നോട്ട് നയിക്കുന്നതിനും ഇന്ത്യ പ്രതിജ്ഞാബദ്ധരാണ്. പരസ്പര താത്പര്യങ്ങൾക്കും ആശങ്കകൾക്കും പ്രാധാന്യം നൽകികൊണ്ട് പ്രവർത്തിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
ബംഗ്ലാദേശ് ദേശീയ ദിനത്തിൽ രാഷ്‌ട്രപതി ദ്രൗപദി മുർമുവും ആശംസകൾ അറിയിച്ചു. ബംഗ്ലാദേശുമായുള്ള ഇന്ത്യയുടെ ബന്ധം എക്കാലവും നിലനിൽക്കുമെന്ന് രാഷ്‌ട്രപതി എക്സിൽ കുറിച്ചു. ഇന്ത്യ-ബംഗ്ലാദേശ് ബന്ധം എന്നും ശക്തമായി നിലനിൽക്കും. വ്യാപാരം, മൾട്ടിമോഡൽ കണക്റ്റിവിറ്റി, വികസന പങ്കാളിത്തം, വൈദ്യുതി, വിദ്യാഭ്യാസം എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളുടെയും സഹകരണം നിലനിർത്തുന്നു. ബംഗ്ലാദേശ് സമാധാനപരമായി മുന്നോട്ട് പോകുന്നതിന് ഇന്ത്യയുടെ എല്ലാ പിന്തുണയും അറിയിക്കുന്നു- രാഷ്‌ട്രപതി കുറിച്ചു.
1971-ൽ പാകിസ്താൻ സൈന്യത്തിനെതിരെ പോരാടി വിജയിച്ചതിന്റെ അടയാളമായാണ് ബംഗ്ലാദേശ് ദേശീയദിനം ആചരിക്കുന്നത്. പ്രധാനമന്ത്രി 2021-ൽ ഈ ദിവസത്തെ ഇന്ത്യ- ബംഗ്ലാദേശ് സൗഹൃദദിനമായി പ്രഖ്യാപിച്ചിരുന്നു.