സൈബർ ലോകത്ത് കേരളാ പൊലീസ് പങ്കുവെക്കുന്ന കുറിപ്പുകളും പോസ്റ്ററുകളും അതിവേഗം വൈറലാകാറുണ്ട്. ട്രെൻഡിനൊപ്പം സഞ്ചരിക്കുന്ന നമ്മുടെ പൊലീസും എല്ലാവരേയും പോലെ എമ്പുരാൻ എഫക്ടിലാണ്. മോളിവുഡ് ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന എമ്പുരാൻ ഒടുവിൽ തീയേറ്ററിലെത്തിയപ്പോൾ സിനിമിയ്‌ക്ക് ആശംസയറിയിച്ച് കേരളാ പൊലീസ് പങ്കുവച്ച പോസ്റ്റർ ജനഹൃദയങ്ങൾ കീഴടക്കുകയാണ്.
അടിയന്തര സഹായങ്ങൾക്ക് വിളിക്കാനുള്ള 112 എന്ന നമ്പർ ഷെയർ ചെയ്തുകൊണ്ട് എമ്പുരാൻ ഫോണ്ടിൽ കേരളാപൊലീസ് എന്ന് എഴുതി, ഫോൺ ചെയ്തുനിൽക്കുന്ന ഖുറേഷി അബ്രാമിനെ കൂടി ഉൾപ്പെടുത്തിയാണ് കേരളാ പൊലീസ് പോസ്റ്റിട്ടത്. അടിയന്തര സാഹചര്യമുണ്ടായാൽ, ”അതിപ്പോ ‘ഖുറേഷി അബ്രാം’ ആണേലും വിളിക്കാം” എന്നും അടിക്കുറിപ്പ് നൽകിയിട്ടുണ്ട്.
പൃഥ്വിരാജ് സുകുമാരന്റെ സംവിധാനത്തിൽ മുരളീഗോപിയുടെ തിരക്കഥയിൽ മോഹൻലാൽ എമ്പുരാനായി എത്തിയ മാർച്ച് 27 എന്ന ദിനം ലോകത്തെമ്പാടുമുള്ള മലയാളികൾ ഉത്സവമായി ആഘോഷിക്കുകയാണ്. പുലർച്ചെ ആറ് മണിക്ക് ഇന്ത്യയിലെമ്പാടും സ്ക്രീനിംഗ് ആരംഭിച്ചിരുന്നു. വിദേശരാജ്യങ്ങളിലും ഇതേ സമയം FDFS ആരംഭിച്ചു. ആരാധകർക്കൊപ്പം ആദ്യ ഷോ കാണാൻ എമ്പുരാൻ ടീം എറണാകുളത്ത് കവിത തീയേറ്ററിൽ എത്തുകയും ചെയ്തിരുന്നു.















