കേരളത്തിൽ സ്വകാര്യ ബസുടമകൾ സമരത്തിലേക്ക്. വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. മിനിമം നിരക്ക് 5 രൂപയാക്കി ഉയർത്തണമെന്നതാണ് പ്രധാന ആവശ്യം. കഴിഞ്ഞ 13 വർഷമായി വിദ്യാർത്ഥികളിൽ നിന്ന് ഒരു രൂപയാണ് നിരക്ക് വാങ്ങുന്നതെന്നും സ്വകാര്യ ബസുടമകൾ ഓർമിപ്പിച്ചു. പുതിയ അദ്ധ്യയന വർഷം തുടങ്ങുമ്പോഴേക്കും വിദ്യാർത്ഥികളുടെ യാത്രാനിരക്ക് ഉയർത്തണമെന്നാണ് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ അറിയിക്കുന്നത്.
സ്വകാര്യ ബസുകളുടെ പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച കമ്മീഷൻ റിപ്പോർട്ടിൽ സർക്കാർ അടയിരിക്കുകയാണ്. ബസുകളിൽ കയറുന്ന ബഹുഭൂരിപക്ഷം യാത്രക്കാരും വിദ്യാർത്ഥികളാണെന്നിരിക്കെ നിരക്ക് ഉയർത്തണം. കൊവിഡിന് ശേഷം യാത്രക്കാരുടെ എണ്ണത്തിൽ വലിയ കുറവാണുള്ളത്. കൂടുതലാളുകളും സ്വന്തം വാഹനത്തെ ആശ്രയിക്കാൻ തുടങ്ങി. ഈ സാഹചര്യത്തിൽ ബസിനെ ആശ്രയിക്കുന്നതിൽ 60 ശതമാനം പേരും വിദ്യാർത്ഥികളാണ്. ഇവരിൽ നിന്ന് ഒരു രൂപ മാത്രം ഈടാക്കി ട്രിപ്പ് നടത്തുകയെന്നത് പ്രാവർത്തികമല്ല. അതിനാൽ വിദ്യാർത്ഥികളുടെ മിനിമം നിരക്ക് ഒരുരൂപയിൽ നിന്ന് 5 രൂപയാക്കി ഉയർത്തണം. വിഷയത്തിന്റെ ഗൗരവം പൊതുജനങ്ങളെ ബോധ്യപ്പെടുത്താൻ കാസർകോട് മുതൽ തിരുവനന്തപുരം വരെ ബസ് സംരക്ഷണ ജാഥ നടത്തുമെന്നും ഉടമകൾ അറിയിച്ചു.















