തിരുവനന്തപുരം: അദ്ധ്യാപകർക്കെതിരായ പോക്സോ കേസുകളിൽ കർശന നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സർക്കാർ -എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപകർ ഉൾപ്പെടെ 72 കേസുകൾ ഡിജിപിക്ക് മുന്നിലുണ്ട്. പോക്സോ കേസുകളിൽ പ്രതിയായ അദ്ധ്യാപകർക്ക് ഒരു തരത്തിലുള്ള സംരക്ഷണവും നൽകില്ലെന്നും നടപടി എടുക്കുമെന്നും വി ശിവൻകുട്ടി പറഞ്ഞു.
“ചോദ്യപേപ്പറുകളിൽ അക്ഷരതെറ്റുകൾ വരാൻ പാടില്ല. എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താൻ വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വിദ്യാർത്ഥികളിൽ ലഹരിവിരുദ്ധ ക്യാമ്പെയിൻ ശക്തമാക്കും. ലഹരി വിതരണം തടയാൻ രക്ഷകർത്താക്കളുടെ ഗ്രൂപ്പുകൾ രൂപീകരിച്ചു. പാഠഭാഗങ്ങളിലും ലഹരി ബോധവത്ക്കരണം ഉൾപ്പെടുത്തിയിട്ടുണ്ട്. ലഹരി ബോധവത്കരണത്തിന് പുതിയ പദ്ധതികൾ ആവിഷ്കരിക്കും”.
കുട്ടികളുടെ ബാഗുകളിലാണ് സാധനങ്ങൾ ഒളിപ്പിച്ചുകൊണ്ടുവരുന്നത്. അതിന് എന്ത് ചെയ്യാൻ കഴിയുമെന്ന് ആലോചിക്കും. ഒന്നാം ക്ലാസിൽ ചേർക്കുന്ന കുട്ടികൾക്ക് പ്രവേശന പരീക്ഷ നടത്തുന്നത് കുട്ടികളെ പീഡിപ്പിക്കുന്നതിന് തുല്യമാണ്. ഇത് അംഗീകരിക്കാനാകില്ല. 2026-27 അദ്ധ്യായന വർഷം മുതൽ സ്കൂൾ പ്രവേശന പ്രായം ആറ് വയസാക്കും. നിലവിൽ 52 ശതമാനം കുഞ്ഞുങ്ങളും ആറ് വയസിലാണ് സ്കൂൾ പ്രവേശനം തേടുന്നതെന്നും മന്ത്രി പറഞ്ഞു.
പാഠപുസ്തകം ഡിസംബറിൽ അച്ചടിക്കാനാണ് തീരുമാനം. 2.10 ലക്ഷം പാഠപുസ്തകം ഇതുവരെ അച്ചടിച്ചു. 72 ക്യാമ്പുകളിലാണ് എസ്എസ്എൽസി പരീക്ഷയുടെ മൂല്യനിർണയം നടക്കുന്നതെന്നും 25,000 ത്തോളം അദ്ധ്യാപകർ ഹയർസെക്കൻഡറി മൂല്യനിർണയ ക്യാമ്പിൽ പങ്കെടുക്കുമെന്നും വി ശിവൻകുട്ടി പറഞ്ഞു.















