മുംബൈ: നടി ഐശ്വര്യ റായിയുടെ വാഹനം അപകടത്തിൽപെട്ടു. മുംബൈ നഗരത്തിലെ ജുഹു പ്രദേശത്ത് വച്ചാണ് അപകടമുണ്ടായത്. ഐശ്വര്യ റായുടെ ആഢംബര കാറിന് പിന്നിലേക്ക് ബസിടിക്കുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
അപകടസമയത്ത് ഐശ്വര്യ റായ് കാറിൽ ഉണ്ടായിരുന്നില്ലെന്നാണ് വിവരം. ബ്രിഹൻ മുംബൈയിലെ ഇലക്ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്പോർട്ട് ബസാണ് കാറിലിടിച്ചത്. അപകടത്തിന്റെ ചിത്രങ്ങൾ ദേശീയ മാദ്ധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ബസ് കാറിന്റെ പിന്നിൽ വന്ന് ഇടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
അമിതാഭ് ബച്ചന്റെ വസതിക്ക് സമീപത്തായിരുന്നു അപകടം. അപകടത്തിന് തൊട്ടുപിന്നാലെ അമിതാഭ് ബച്ചന്റെ ബംഗ്ലാവിലെ സുരക്ഷാ ഉദ്യോഗസ്ഥർ പുറത്തേക്കിറങ്ങി ബസ് ഡ്രൈവറെ മർദ്ദിച്ചു. തുടർന്ന് ഡ്രൈവർ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് എത്തിയതോടെയാണ് സുരക്ഷ ഉദ്യോഗസ്ഥർ സ്ഥലത്ത് നിന്ന് മടങ്ങിയത്.















