മലപ്പുറം : സഭയിൽ പ്രസംഗിച്ചു കൊണ്ടിരിക്കെ മൈക്ക് ഓഫ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി കെ ടി ജലീൽ രംഗത്തെത്തി. തന്റെ ഫേസ്‌ബുക്ക് പ്രൊഫൈലിൽ ചെയ്ത പോസ്റ്റിലാണ് ജലീൽ പ്രതികരണം രേഖപ്പെടുത്തിയത്.
“സ്വകാര്യ സർവകലാശാലാ ബില്ലിന്റെ ചർച്ചയിൽ പങ്കെടുത്ത് കൊണ്ട് കഴിഞ്ഞ ദിവസം നിയമസഭയിൽ ചെയ്ത പ്രസംഗമാണ് താഴെ. ബില്ലുമായി ബന്ധപ്പെട്ട് കാര്യങ്ങൾ പറഞ്ഞു വന്നപ്പോൾ സമയം അൽപം നീണ്ടു പോയി. അതൊരു ക്രിമിനൽ കുറ്റമായി ആർക്കെങ്കിലും തോന്നിയെങ്കിൽ സഹതപിക്കുകയേ നിർവാഹമുള്ളൂ. ലീഗ് കോട്ടയായ മലപ്പുറത്തു നിന്നാണല്ലോ തുടർച്ചയായി നാലാം തവണയും നിയമസഭയിലെത്തിയത്. സ്വാഭാവികമായും അൽപം “ഉശിര്” കൂടും. അത് പക്ഷെ, “മക്കയിൽ” ഈന്തപ്പഴം വിൽക്കുന്നവർക്ക് അത്ര എളുപ്പം പിടികിട്ടിക്കൊള്ളണമെന്നില്ല.” കെ ടി ജലീൽ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.
പ്രസംഗം ചുരുക്കാൻ പലവട്ടം പറഞ്ഞിട്ടും അനുസരിക്കാത്ത കെ.ടി.ജലീലിന്റെ മൈക്ക് സ്പീക്കർ എ എൻ ഷംസീർ ഓഫ് ചെയ്തിരുന്നു . കെ ടി ജലീല്‍ എംഎല്‍എയോട് അദ്ദേഹം ക്ഷുഭിതനാവുകയും ചെയ്തു. പലവട്ടം ആവശ്യപ്പെട്ടിട്ടും പ്രസംഗം നിര്‍ത്താത്തതാണ് സ്പീക്കറെ ചൊടിപ്പിച്ചത്.
വിയോജനക്കുറിപ്പ് തന്നവര്‍ വരെ സഹകരിച്ചെന്നും ഒരുപാട് തവണ ആവശ്യപ്പെട്ടിട്ടും കെ ടി ജലീല്‍ ആ മര്യാദ കാണിച്ചില്ലെന്നും സ്പീക്കര്‍ പറഞ്ഞു. ചെയറിനോട് കാണിക്കേണ്ട മര്യാദ ജലീല്‍ കാണിച്ചില്ല. ജലീല്‍ കാണിച്ചത് ധിക്കാമാണെന്നും സ്പീക്കര്‍ പറഞ്ഞു. ജലീലിന് സഭയില്‍ പ്രത്യേക പ്രിവിലേജ് ഇല്ലെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.
സ്വകാര്യ സര്‍വകലാശാല വിഷയത്തിലുള്ള ചര്‍ച്ചയിലാണ് ജലീല്‍ പ്രസംഗം നിര്‍ത്താതെ തുടര്‍ന്നത്. പ്രതിപക്ഷ നേതാവിന്റെ ഇഫ്താർ വിരുന്നുള്ളതിനാൽ 6 മണിക്ക് മുൻപ് സഭാനടപടികൾ അവസാനിപ്പിക്കാനായി പ്രസംഗം ചുരുക്കാൻ സ്പീക്കർ എല്ലാവരോടും ആവശ്യപ്പെട്ടിരുന്നു.















