ഗർഭകാലത്ത് സ്ത്രീകൾക്ക് പലവിധ ശാരീരിക അസ്വസ്ഥതകളും ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നത് സാധാരണമാണ്. സ്ത്രീകൾ ഏറ്റവുമധികം മാനസിക സംഘർഷങ്ങൾ നേരിടുന്നൊരു സമയം കൂടിയാണ് ഗർഭകാലവും പ്രസവത്തിന് ശേഷമുള്ള ദിവസങ്ങളും. ഈ രണ്ട് സമയത്തും ശാരീരിക ബുദ്ധിമുട്ടുകളോടൊപ്പം മാനസിക ബുദ്ധിമുട്ടികളും സ്ത്രീകൾക്ക് ഉണ്ടാകാറുണ്ട്. ഗർഭിണി ആയിരിക്കുമ്പോൾ ആരോഗ്യത്തിൽ അധികശ്രദ്ധ നൽകേണ്ടത് അത്യന്താപേഷിതമാണ്.
പല്ലുകളുടെ ആരോഗ്യവും ഗർഭകാലവും തമ്മിൽ ബന്ധമുണ്ടെന്നാണ് ചില വിദഗ്ധ പഠനങ്ങൾ പറയുന്നത്. ദന്തസംരക്ഷണത്തിന്റെ കാര്യത്തിൽ ഗർഭിണികൾ വിട്ടുവീഴ്ച ചെയ്യരുതെന്നും പല്ലുകളുടെ ആരോഗ്യത്തിന് പ്രാധാന്യം നൽകണമെന്നും ആരോഗ്യവിദഗ്ധർ പറയുന്നു. പല്ലുകളുടെ ആരോഗ്യക്കുറവ് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തെ ബാധിക്കുമെന്നാണ് കണ്ടെത്തൽ.
കുഞ്ഞിന്റെ പല്ലുകളുടെയും എല്ലുകളുടെയും രൂപീകരണത്തിന് കാത്സ്യം അടങ്ങിയിട്ടുള്ള ഭക്ഷണം കഴിക്കുന്നത് ഉത്തമമാണ്. ഗർഭിണിയാകുന്ന സമയത്ത് ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ മോണയിലേക്കുള്ള രക്തയോട്ടം വേഗത്തിലാക്കും. ഇത് വീക്കം, സെൻസിറ്റിവിറ്റ്, രക്തസ്രാവം എന്നിവയ്‌ക്ക് കാരണമാകുന്നു. മോണവീക്കം ഉൾപ്പെടെയുള്ള ദന്തരോഗങ്ങൾക്കും ഇത് കാരണമാകും.
ഗർഭിണികളിൽ മോണരോഗം കൂടിയാൽ അത് കുഞ്ഞിന്റെ ജീവന് തന്നെ ആപത്താകും. ഭാരം കുറവുള്ള കുട്ടികളുടെ ജനനത്തിനും മോണരോഗം കാരണമാകുന്നു. മോണരോഗത്തിന് കാരണമായ ബാക്ടീരിയകൾ രക്തത്തിൽ കലരാനും സാധ്യതയുണ്ട്. ഗർഭകാലത്ത് രാവിലെ ഛർദ്ദിക്കുന്നതും പല്ലിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. മധുരമുള്ള ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നതും പല്ലുകളുടെ ആരോഗ്യത്തിന് ദോഷമാണ്.















