പത്തനംതിട്ട: പത്താം ക്ലാസ് പരീക്ഷയക്ക് വിദ്യാർത്ഥികൾ സ്കൂളിൽ എത്തിയത് മദ്യവുമായി. പത്തനംതിട്ട കോഴഞ്ചേരിയിലെ ഒരു സ്കൂളിലാണ് സംഭവം.
ഇന്നലെ പത്താം ക്ലാസിന്റെ അവസാന പരീക്ഷയായിരുന്നു. പരീക്ഷ കഴിഞ്ഞത് ആഘോഷമാക്കാനാണ് നാലംഗ സംഘം പദ്ധതിയിട്ടിരുന്നത്. സംശയം തോന്നിയ അദ്ധ്യാപകർ ബാഗ് പരിശോധിക്കുകയായിരുന്നു. സാധാരണ മിനറൽ വാട്ടർ ബോട്ടിലിൽ വെള്ളം ചേർത്താണ് മദ്യം സൂക്ഷിച്ചിരുന്നത്. പരീക്ഷയ്‌ക്ക് ശേഷം അദ്ധ്യാപകർ മാതാപിതാക്കളെയും പൊലീസിനെയും വിവരം അറിയിച്ചു.
ഇതിൽ ഒരു കുട്ടിയുടെ ബാഗിൽ നിന്ന് പതിനായിരം രൂപയും അദ്ധ്യാപകർ കണ്ടെടുത്തു. മുത്തശ്ശിയുടെ മോതിരം മോഷ്ടിച്ച് വിറ്റ് ലഭിച്ച പണമാണെന്നും ബാക്കി ചെലവാക്കിയെന്നുമാണ് വിദ്യാർത്ഥികൾ പറഞ്ഞത്.
വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് നൽകുമെന്ന് ആറന്മുള പൊലീസ് പറഞ്ഞു. മദ്യം എങ്ങനെ കുട്ടികൾക്ക് ലഭിച്ചതടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കും.















