തിരുവനന്തപുരം: ഒന്നാം ക്ലാസിലെ സ്കൂൾ പ്രവേശനത്തിൽ കേന്ദ്ര വിദ്യാഭ്യാസ നയം നടപ്പിലാക്കാൻ ഒരുങ്ങി കേരളം. പ്രായപരിധി 6 വയസാക്കാൻ സർക്കാർ തീരുമാനിച്ചു. 2026-27 അധ്യയനവർഷത്തിലാണ് പ്രാബല്യത്തിൽ വരിക.
2020ലെ കേന്ദ്ര വിദ്യാഭ്യാസനയത്തിന്റെ ഭാഗമായാണ് പുതിയ മാറ്റം.
സ്കൂൾ പ്രവേശന പ്രായപരിധി വിഷയത്തിൽ കേന്ദ്രസർക്കാരിന് വഴങ്ങുകയാണ് സംസ്ഥാനം. ഒന്നാം ക്ലാസ്സിൽ ചേരാൻ ആറു വയസാകണമെന്ന തീരുമാനത്തിലേക്ക് സംസ്ഥാന വിദ്യാഭ്യാസ വകുപ്പും എത്തിച്ചേർന്നു. ഈ ജൂണിൽ ആരംഭിക്കുന്ന അധ്യയന വർഷം കൂടി മാത്രമേ അഞ്ചുവയസ് പൂർത്തിയായ കുട്ടികൾക്ക് പ്രവേശനം അനുവദിക്കൂ. 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് കേരളത്തിലെ പുതിയ മാറ്റം.
ഒന്നാം ക്ലാസ്സിൽ ചേരുന്നതിന് കുറഞ്ഞ പ്രായം ആറ് വയസാണെന്ന തീരുമാനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം 2022 മുതൽ കേരളം ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങൾക്ക് കത്ത് നൽകിയിരുന്നു. എന്നാൽ മൂന്നു വയസ്സുമുതൽ പ്രീപ്രൈമറി വിദ്യാഭ്യാസം പതിവായ കേരളത്തിൽ കേന്ദ്ര നിർദേശം നടപ്പാക്കേണ്ടതില്ല എന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ നിലപാട്. എന്നാൽ ദേശീയ വിദ്യാഭ്യാസ നയത്തോടുള്ള രാഷ്‌ട്രീയമായ എതിർപ്പ് അവസാനിപ്പിച്ച സംസ്ഥാന സർക്കാർ നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ ഒരുങ്ങുകയാണിപ്പോൾ. 2022 മുതൽ കേരളം മാറ്റിവച്ച പിഎം ശ്രീ പദ്ധതിയും സംസ്ഥാന സർക്കാർ നടപ്പാക്കിയേക്കും.















