ഗ്രോധ്രയിൽ തീവണ്ടിക്ക് തനിയെ തീപിടിച്ചതല്ലെന്ന് കാര്യം ഓർമിപ്പിച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷൻ ആർ. വി ബാബു. തീവെച്ച മതതീവ്രവാദികൾ ജീവപര്യന്തം തടവ് അനുഭവിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എമ്പുരാൻ സിനിമയുടെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതീകരണം. തീവണ്ടിക്ക് തീയ്യിട്ട് പച്ചയ്‌ക്ക് കൊലപ്പെടുത്തിയ നിരപരാധികളോട് സിനിമ കടുത്ത അനീതിയാണ് കാണിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
” എമ്പുരാൻ കണ്ടു. ഒരു ഹിന്ദു വിരുദ്ധ പശ്ചാത്തലമുള്ള സിനിമയാണ് എമ്പുരാൻ .ഇതൊരു സിനിമ മാത്രമല്ലേ , എന്തിന് പ്രതിഷേധിക്കണം എന്ന് ചോദിക്കുന്നവരാരും തന്നെ കേരള സ്റ്റോറിക്ക് ആ ആനുകൂല്യം നൽകുന്നുമില്ല. സിനിമ രാഷ്‌ട്രീയം സംസാരിക്കുകയും അതിന് വേണ്ടി ചരിത്ര സംഭവങ്ങളെ കൂട്ടിയിണക്കുകയും ചെയ്യുമ്പോൾ അതിലെ ചരിത്ര വിരുദ്ധത നിശ്ചയമായും ചർച്ച ചെയ്യും. തുടക്കത്തിൽ ട്രെയിൻ കത്തുന്ന രംഗം കാണിക്കുകയും തീവണ്ടിക്ക് തീപിടിച്ചു എന്ന പത്രവാർത്തകൾ കാണിക്കുകയും ചെയ്യുന്നുണ്ട്. തീ തനിയേ പിടിച്ചതല്ലാ , തീ വച്ചതാണ് എന്ന യാഥാർത്ഥ്യം ഈ സിനിമ മറച്ച് വച്ചു. ഇതിലൂടെ ഗോധ്രയിൽ മതതീവ്രവാദികൾ തീവണ്ടിക്ക് തീയ്യിട്ട് പച്ചയ്‌ക്ക് കൊലപ്പെടുത്തിയ നിരപരാധികളോട് ഈ സിനിമ കടുത്ത അനീതിയാണ് കാണിച്ചത്.
ആക്രമണത്തിന് നേതൃത്വം നൽകിയവർ ഇന്നും ജീവപര്യന്തം തടവ് അനുഭവിക്കുമ്പോഴാണ് തീവണ്ടിക്ക് തനിയേ തീ പിടിച്ചതാണെന്ന തോന്നലുണ്ടാക്കുന്ന രംഗം കാണിക്കുന്നത്. ഗോധ്ര ഉണ്ടായിരുന്നില്ലെങ്കിൽ പിന്നീട് നടന്ന ഗുജറാത്ത് കലാപവും ഉണ്ടാകുമായിരുന്നില്ല എന്ന സത്യം സിനിമ കാണാതെ പോയി. എന്നാൽ ഏകപക്ഷീയമായി മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്യുന്ന ഒരു വിഭാഗം അക്രമികളുടെ ക്രൂരതകൾ വെളിവാക്കുന്ന രംഗങ്ങൾ കാണിക്കുമ്പോൾ അക്രമകാരികൾ ഒരു വിഭാഗത്തിൽ പെട്ടവർ മാത്രമാണെന്ന അസത്യം സിനിമ ആവർത്തിക്കുന്നു. കലാപത്തിന് നേതൃത്വം നൽകിയ ബാബാ ബജ്രം രംഗിയും മുന്നയും (ഇതിൽ ഒരു ഉദ്ദേശവുമില്ല! ) ഒരു ഹിന്ദുത്വ പാർട്ടിയുടെ നേതാക്കളായി കേരളത്തിൽ വരുകയും ഇവിടെയും അക്രമം നടത്തുകയും ചെയ്യുന്നു.
പോപ്പുലർ ഫ്രണ്ട് പോലുള്ള ഭീകര സംഘടനകൾ താവളമുറപ്പിക്കുകയും നിരവധി തീവ്രവാദ പ്രവർത്തനങ്ങൾക്ക് കേരളം ഇരയാവുകയും ചെയ്യുമ്പോഴാണ് അതൊന്നും കാണാതെ എമ്പുരാൻ ഹിന്ദുത്വ ആശയമുള്ളതെന്ന് തോന്നിപ്പിക്കുന്ന ഒരു സംഘടനയെ അവഹേളനപരമായി പ്രതിസ്ഥാനത്ത് നിർത്തുന്നത്.
ശരിയാണ്….. കോൺഗ്രസ്, കമ്മ്യൂണിസ്റ്റ് പാർട്ടി ആശയങ്ങളെ സിനിമ വിമർശിക്കുകയും അന്താരാഷ്‌ട്ര ഇസ്ലാമിക ജിഹാദി സംഘങ്ങൾ ഹിന്ദുസ്ഥാനെതിരായി നടത്തുന്ന നീക്കങ്ങൾ സിനിമ ചർച്ച ചെയ്തിട്ടുമുണ്ട്. എന്നാൽ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഈ സിനിമ ചരിത്രത്തോട് ഒരു നീതിയും പുലർത്തിയിട്ടില്ല. അത് കൊണ്ട് തന്നെ എമ്പുരാൻ വിമർശിക്കപ്പെടുന്നതിൽ ഒരു തെറ്റുമില്ല”.















