മ്യാൻമറിലുണ്ടായ ഇരട്ട ഭൂചലനത്തിൽ ആശങ്ക രേഖപ്പെടുത്തി ഇന്ത്യ. ഭൂചലനത്തിന്റെ പ്രകമ്പനത്തിൽ ബാങ്കോക്കിലും കെട്ടിടങ്ങൾ തകർന്നുവീണ സാഹചര്യത്തിൽ ഇരുരാജ്യങ്ങൾക്കും എല്ലാവിധ പിന്തുണയുമുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. ദുരന്തബാധിത മേഖലയിലെ ജനങ്ങളുടെ സുരക്ഷയ്‌ക്കും ക്ഷേമത്തിനുമായി പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എക്സിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ.

മ്യാൻമറിലും തായ്ലൻഡിലൂമുണ്ടായ ഭൂചലനങ്ങൾ ആശങ്ക സൃഷ്ടിക്കുന്നതാണ്. എല്ലാവർക്കും സുരക്ഷിതരായിരിക്കാൻ കഴിയട്ടെയെന്ന് പ്രാർത്ഥിക്കുന്നു. ഇന്ത്യ ഒപ്പമുണ്ടാകും. സാധ്യമായ എല്ലാവിധ സഹായങ്ങളും ഇന്ത്യ ഉറപ്പുനൽകുന്നു. മ്യാൻമർ, തായ്ലൻഡ് സർക്കാരുകളോട് ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയം വിവരങ്ങൾ തേടുന്നുണ്ടെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
ഇന്ത്യൻ സമയം രാവിലെ 11.50ഓടെയാണ് മ്യാൻമറിൽ ഭൂചലനമുണ്ടായത്. 7.7 തീവ്രതയിൽ ഭൂമി കുലുങ്ങിയതിന് തൊട്ടുപിന്നാലെ 6.4 തീവ്രതയിൽ രണ്ടാമതും ഭൂചലനമുണ്ടായി. തുടർന്നുണ്ടായ ശക്തമായ പ്രകമ്പനങ്ങൾ തായ്ലൻഡ് തലസ്ഥാനമായ ബാങ്കോക്കിൽ അനുഭവപ്പെടുകയായിരുന്നു. വിയറ്റ്നാം, ചൈന, ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലും നേരിയ തോതിൽ പ്രകമ്പനമുണ്ടായിരുന്നു.
മ്യാൻമറിലെ നിരവധി ബഹുനില കെട്ടിടങ്ങളും പാലങ്ങളുമെല്ലാം തകർന്നുതരിപ്പണമായ നിലയിലാണ്. ബാങ്കോക്കിലും കെട്ടിടങ്ങൾ തകർന്നുവീണിട്ടുണ്ട്. ഇരുരാജ്യങ്ങളിലും ജനങ്ങൾ പരിഭ്രാന്തിയിൽ ഓടുന്നതിന്റെയും രക്ഷപ്പെടാൻ ശ്രമിക്കുന്നതിന്റെയും ദൃശ്യങ്ങൾ എക്സിലൂടെ പുറത്തുവന്നു. ബാങ്കോക്കിലെ അസാധാരണ സാഹചര്യത്തെ തുടർന്ന് തായ്ലൻഡ് പ്രധാനമന്ത്രി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഭൂചലനത്തെ തുടർന്ന് മ്യാൻമറിൽ 20 പേർ മരിച്ചതായും ബാങ്കോക്കിൽ രണ്ടുപേർ മരിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.















