ന്യൂഡൽഹി: പാകിസ്താനിലെ ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങളും കുറ്റകൃത്യങ്ങളും ഇന്ത്യ സൂക്ഷമമായി നിരീക്ഷിക്കുന്നുണ്ടെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. രാജ്യം ഈ വിഷയം അന്താരാഷ്‌ട്ര തലത്തിൽ ഉന്നയിച്ചതായും ഐക്യരാഷ്‌ട്രസഭയിൽ നിലപാട് ആവർത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യാവകാശ ലംഘനങ്ങൾക്കും ന്യൂനപക്ഷ പീഡനങ്ങൾക്കും രാജ്യാന്തരതലത്തിൽ പാകിസ്താനെതിരെ വിമർശനം ശക്തമാവുകയാണെന്നും ലോക്സഭയിലെ മറുപടി പ്രസംഗത്തിൽ മന്ത്രി പറഞ്ഞു.
ഫെബ്രുവരിയിൽ നടന്ന നിരവധി അതിക്രമ സംഭവങ്ങൾ മന്ത്രി പട്ടികപ്പെടുത്തി. “പാകിസ്താനിലെ ന്യൂനപക്ഷങ്ങളോടുള്ള പെരുമാറ്റം ഞങ്ങൾ വളരെ സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യുന്നു. ഫെബ്രുവരി മാസത്തിൽ ഹിന്ദു സമൂഹത്തിനെതിരെ പത്ത് അതിക്രമ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്, അവയിൽ ഏഴ് തട്ടിക്കൊണ്ടുപോകൽ, നിർബന്ധിത മതപരിവർത്തനം എന്നിവയുമായി ബന്ധപ്പെട്ടതും, രണ്ടെണ്ണം തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ടതും, ഒന്ന് ഹോളി ആഘോഷിക്കുന്ന വിദ്യാർത്ഥികൾക്കെതിരായ പൊലീസ് നടപടിയുമായി ബന്ധപ്പെട്ടതുമാണ്,” അദ്ദേഹം പറഞ്ഞു.
സിഖ് സമൂഹവുമായി ബന്ധപ്പെട്ട് മൂന്നും അഹമ്മദീയ സമൂഹവുമായി ബന്ധപ്പെട്ട് രണ്ടും ക്രിസ്ത്യൻ സമൂഹത്തിനിടയിൽ നിന്നും രണ്ടും കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. “ഞങ്ങൾ ഈ കേസുകൾ അന്താരാഷ്‌ട്ര തലത്തിൽ ഉന്നയിക്കുന്നു. മനുഷ്യാവകാശ ലംഘനങ്ങൾ, ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കൽ, ജനാധിപത്യ മൂല്യങ്ങളുടെ വ്യവസ്ഥാപിതമായ തകർച്ച എന്നിവ സംസ്ഥാന നയങ്ങളായ ഒരു രാജ്യമാണ് പാകിസ്ഥാൻ എന്നും അത് യുഎൻ അംഗീകരിച്ച തീവ്രവാദികൾക്ക് അഭയം നൽകുന്നുവെന്നും യുഎൻ മനുഷ്യാവകാശ കൗൺസിലിലെ ഞങ്ങളുടെ പ്രതിനിധി എടുത്തുപറഞ്ഞു,” മന്ത്രി പറഞ്ഞു. പാർലമെന്റിൽ നടന്നുകൊണ്ടിരിക്കുന്ന ബജറ്റ് സമ്മേളനത്തിനിടെ ചോദ്യോത്തരവേളയിലെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ജയശങ്കർ.