പൃഥ്വിരാജിന്റെ വിദേശബന്ധങ്ങൾ അന്വേഷിക്കണമെന്ന് യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ ഗണേഷ്. പൃഥ്വിരാജ് സിനിമകളുടെ ആശയങ്ങൾ ദേശ വിരുദ്ധമാണ്. തീവ്രവാദ ആശയങ്ങളെ വെള്ള പൂശുന്ന തരത്തിലാണ് സിനിമയുടെ പ്രമേയം. ദേശീയ അന്വേഷണ ഏജൻസികൾ കാര്യങ്ങൾ പരിശോധിക്കണമെന്നും കെ. ഗണേഷ് ഫേസ്ബുക്കിൽ ആവശ്യപ്പെട്ടു.
കുറിപ്പിന്റെ പൂർണ്ണരൂപം
എമ്പുരാൻ സിനിമയുടെ സംവിധായകനും നടനുമായ പൃഥ്വിരാജിന്റെ വിദേശബന്ധങ്ങൾ അന്വേഷിക്കണം. ആടുജീവിതം സിനിമയുടെ ചിത്രീകരണത്തിന് ശേഷം അദ്ദേഹത്തിന്റെ സിനിമകളിലൂടെ പ്രക്ഷേപണം ചെയ്യപ്പെടുന്ന ആശയങ്ങൾ തികച്ചും ദേശവിരുദ്ധമാണ്. കുരുതിയും ജനഗണമനയും എമ്പുരാനും വരെ എത്തി നിൽക്കുന്ന തീവ്രവാദ ആശയങ്ങളെ വെള്ളപൂശുന്ന കഥാതന്തുവാണ് ഇദ്ദേഹത്തിന്റെ സിനിമകളിൽ ഉപയോഗിച്ചിരിക്കുന്നത്. ആടുജീവിതത്തിന്റെ ഷൂട്ടിനിടെ ജോർദാനിൽ കുടുങ്ങിയ ഇദ്ദേഹം അവിടെ ആരൊക്കെയായിട്ടാണ് സമ്പർക്കം പുലർത്തിയിരുന്നത് എന്നത് അന്വേഷിക്കേണ്ടിയിരിക്കുന്നു.
കൊറോണ കാലത്തെ ഈ അറേബ്യൻ ജീവിതത്തിനിടയിൽ ഐ.എസ് ഉൾപ്പെടെയുള്ള ഭീകരവാദികളുടെ ആശയങ്ങളിൽ പ്രേരിപ്പിക്കപ്പെട്ടിട്ടാണോ പൃഥ്വിരാജ് ഇത്തരം ദേശവിരുദ്ധ ആശയങ്ങൾ തന്റെ സിനിമകളിലൂടെ പ്രചരിപ്പിക്കുന്നത് എന്ന് ന്യായമായും സംശയിക്കണം. ദേശീയ അന്വേഷണ ഏജൻസികൾ തന്നെ ഇക്കാര്യങ്ങൾ അന്വേഷിക്കണം. ബഹിഷ്ക്കരിക്കാനല്ല മറിച്ച് എമ്പുരാൻ ഒളിച്ചു കടത്തുന്നത് ദേശവിരുദ്ധത തന്നെ ആണെന്ന് അടിവരയിട്ടു പറയാം.















