കണ്ണൂർ: വയറുവേദനയുമായി ആശുപത്രിയിൽ എത്തിയ വീട്ടമ്മയ്‌ക്ക് സ്‌കാനിംഗ് തീയതി നൽകിയത് മൂന്ന് മാസത്തിന് ശേഷമെന്ന് പരാതി. കണ്ണൂർ പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജിലാണ് സംഭവം.
ഡോക്ടർ ആവശ്യപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെ സ്‌കാനിംഗ് സെന്ററിൽ രോഗി എത്തിയിരുന്നു. എന്നാൽ സ്കാനിംഗ് സെന്ററിൽ നിന്ന് എഴുതി നൽകിയ തീയതി ’23-6-2025′ ആണെന്നാണ് പരാതി. ഇതിലും നേരത്തെ സ്കാനിംഗ് നടത്തണമെങ്കിൽ സ്വകാര്യ പരിശോധനാ കേന്ദ്രങ്ങളെ ആശ്രയിക്കാമെന്ന് ആശുപത്രി ജീവനക്കാർ പറഞ്ഞതായി വീട്ടമ്മ ഷാന്റി റെജികുമാർ ജനം ടിവിയോട് പ്രതികരിച്ചു.
ഇപ്പോൾ സ്‌കാനിംഗ് നടത്താൻ കഴിയില്ലെന്നും, നേരത്തെ ബുക്കിംഗ് ചെയ്ത രോഗികളെയാണ് ഇപ്പോൾ സ്കാനിംഗ് നടത്തുന്നതെന്നുമായിരുന്നു വീട്ടമ്മയ്‌ക്ക് ലഭിച്ച മറുപടി. പരാതി ഉയർന്നതോടെ വിഷയം പരിശോധിക്കുമെന്ന് മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു.
അൾട്രാസൗണ്ട് സ്കാനിംഗ് വിഭാഗത്തിൽ തിരക്ക് കൂടുതലായതിനാലാണ് മൂന്ന് മാസത്തിന് ശേഷമുള്ള തീയതി നൽകിയതെന്ന് ആശുപത്രി അധികൃതർ വിശദീകരണം നൽകി. രണ്ട് സ്കാനിംഗ് മെഷീനുകളാണുള്ളത്. ദിവസവും 55 പേരെ പരിശോധിക്കുന്നുണ്ട്. അഡ്മിറ്റ് ആയ രോഗികൾക്കാണ് ആദ്യ പരിഗണനയെന്നും ആശുപത്രി അധികൃതർ വിശദീകരിച്ചു.















