തിരുവനന്തപുരം: PSC പരീക്ഷയ്‌ക്ക് ചോദ്യപേപ്പറിനുപകരം ഉദ്യോഗാർത്ഥികൾക്ക് ഉത്തരസൂചിക നൽകി. ഇന്ന് നടന്ന സർവേ വകുപ്പിലെ വകുപ്പുതല പരീക്ഷയിലാണ് ഗുരുതര പിഴവ് സംഭവിച്ചത്. അബദ്ധം മനസിലായതോടെ ഉത്തരസൂചിക തിരികെ വാങ്ങി പരീക്ഷ റദ്ദാക്കി.
സർവേയർ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് സൂപ്രണ്ട് തലത്തിലേക്കുള്ള പ്രമോഷനുള്ള പരീക്ഷയാണ് നടന്നത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ മൂന്ന് കേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്. PSC യുടെ മൂന്ന് സെന്ററുകളിലെയും ഓൺലൈൻ കേന്ദ്രങ്ങളാണ് പരീക്ഷയ്‌ക്ക് നിശ്ചയിച്ചിരുന്നത്. 200 ൽ അധികം ഉദ്യോഗാർത്ഥികൾ പരീക്ഷയെഴുതാൻ എത്തിയിരുന്നു.
പത്ത് മണിക്ക് ഇൻവിജിലേറ്റർ ഉത്തരസൂചിക വിതരണം ചെയ്ത ശേഷമാണ് അബദ്ധം സംഭവിച്ചുവെന്ന് മനസിലാക്കുന്നത്. ഇതോടെ ഉടൻതന്നെ ഇവ തിരികെ വാങ്ങി. പിന്നെ പരീക്ഷ റദ്ദാക്കിയയതായി PSC യിൽ നിന്നും അറിയിപ്പുമെത്തി. ചോദ്യകർത്താക്കളിൽ നിന്നും കവർ തിരികെ വന്നപ്പോൾ അത് പരിശോധിക്കാതെ അയച്ചതാണ് പിഴവിനെ കാരണമെന്നാണ് PSC നൽകുന്ന വിശദീകരണം. ആറുമാസം കൂടുമ്പോൾ നടത്തേണ്ട പരീക്ഷ ഇത്തവണ ഏറെ വൈകി രണ്ട് വർഷത്തിന് ശേഷമാണ് നടന്നത്. ഇതാണ് PSC യുടെ അശ്രദ്ധമൂലം റദ്ദാക്കേണ്ടി വന്നിരിക്കുന്നത്.