എമ്പുരാൻ എന്ന സിനിമയിൽ ഗോധ്രാനന്തര കലാപം ചിത്രീകരിച്ചതിലെ ഏകപക്ഷീയത ചോദ്യം ചെയ്ത് സാമൂഹ്യ നിരീക്ഷകൻ വിദ്യാസാഗർ ഗുരുമൂർത്തി. സിനിമയ്‌ക്കെതിരായ വിവാദത്തെ ഇടതുപക്ഷം കൈകാര്യം ചെയ്യുന്ന രീതിയേയും അദ്ദേഹം പരിഹസിച്ചു. ജനംടിവി ഡിബേറ്റിലൂടെയായിരുന്നു വിദ്യാസാഗർ ഗുരുമൂർത്തി തന്റെ വിമർശനം രേഖപ്പെടുത്തിയത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്..
അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് ക്ലാസെടുക്കുന്ന ഇടത് സഹയാത്രികരെ കാണുമ്പോൾ അത്ഭുതം തോന്നുന്നു. സിപിഎം എന്ന പാർട്ടിക്ക് ആരോടെങ്കിലും വെറുപ്പ് തോന്നിക്കഴിഞ്ഞാൽ ആ കുടുംബത്തിന്റെ കിണറ്റിൽ മലം നിക്ഷേപിക്കുക. കരി ഓയിൽ ഒഴിക്കുക. ബാർബർ ഷോപ്പിൽ നിന്ന് മുടി കൊണ്ടിടുക. എന്നിങ്ങനെ, ലോകം കണ്ട എല്ലാ മോശം പ്രവൃത്തികളും ചെയ്യാൻ മടിയില്ലാത്തവരാണ് കമ്യൂണിസ്റ്റ് പാർട്ടിക്കാർ. ഇക്കൂട്ടരാണ് അഭിപ്രായ സ്വാതന്ത്ര്യം വേണം, എതിർസ്വരങ്ങളെ അമർച്ച ചെയ്യരുത് എന്നെല്ലാം പറയുന്നത്. കുലംകുത്തി എന്ന് വിശേഷിപ്പിച്ച് മുഖ്യമന്ത്രി പ്രസംഗിച്ചതിന് പിന്നാലെ അതുവരെ കൂടെക്കൊണ്ടു നടന്നിരുന്ന ടിപി ചന്ദ്രശേഖരനെ 51 വെട്ടുവെട്ടി ക്രൗര്യം തീർത്തവരാണ് ഇതെല്ലാം പറയുന്നതെന്നതാണ് ശ്രദ്ധേയം.
ഇതേ മുരളീഗോപി തിരക്കഥ എഴുതിയ ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്‘ എന്ന സിനിമയ്‌ക്ക് കേരളത്തിൽ അനൗദ്യോഗിക വിലക്ക് നേരിട്ടിരുന്നു. കേരളത്തിലെ പല തീയേറ്ററുകളിലും ഈ സിനിമ പ്രദർശിപ്പിക്കാൻ സമ്മതിക്കാതിരുന്നത് ആരായിരുന്നു? ഇവടുത്തെ ഡിവൈഎഫ്ഐ പ്രവർത്തകരാണ് അത് ചെയ്തത്. കാരണം അവരുടെ ഇപ്പോഴത്തെ ‘എമ്പുരാനായ’ പിണറായി വിജയനെ നേരിട്ട് വിമർശിക്കുന്ന വ്യംഗ്യം അതിൽ പലയിടത്തും കാണിച്ചിരുന്നു. സിനിമയുടെ പ്രദർശനം പലയിടത്തും തടയപ്പെട്ടുവെന്ന് മുരളീ ഗോപി തന്നെ പത്രസമ്മേളനത്തിൽ പറഞ്ഞതാണ്.
നിർമാല്യം സിനിമയിൽ ഭഗവതിയുടെ മുഖത്ത് വെളിച്ചപ്പാട് ചോരതുപ്പുന്ന സീനുണ്ട്. അതിനെക്കുറിച്ച് എല്ലാവരും ചർച്ച ചെയ്യാറുമുണ്ട്. പക്ഷേ അയാൾ എങ്ങനെയാണ് ആ അവസ്ഥയിലേക്ക് എത്തിയത് എന്നതിനെക്കുറിച്ച് ആരും മിണ്ടാറില്ല. വെളിച്ചപ്പാടിന്റെ ഭാര്യയെ അവരുടെ പട്ടിണി മുതലെടുത്ത് ഒരാൾ ദുരുപയോഗം ചെയ്തതിനെക്കുറിച്ചും അയാളുടെ ക്രൂരതയെക്കുറിച്ചും ആ കഥാപാത്രത്തെക്കുറിച്ചും ആരും സംസാരിക്കാറില്ല. ഇടതുപക്ഷത്തിന് എപ്പോഴും സെലക്ടീവ് ക്രിട്ടിസിസം നടത്താൻ മാത്രമേ സാധിക്കാറുള്ളൂ.
ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് സിനിമയ്‌ക്കെതിരെ ഇത്രമാത്രം അസഹിഷ്ണുത കാണിച്ചവരാണ് സിനിമയെ സിനിമയായി കാണണമെന്ന് ഇപ്പോൾ പ്രസംഗിക്കുന്നത്.
എമ്പുരാൻ എന്ന സിനിമയിൽ ഏകപക്ഷീയമായി കാണിച്ചിട്ടുള്ള കാര്യങ്ങൾക്കെതിരെ ഇവിടുത്തെ ഹിന്ദുക്കൾ ശക്തമായ വിമർശനം ഉന്നയിക്കുക തന്നെ ചെയ്യും. ആരെയും വഴിതടഞ്ഞല്ല പ്രതിഷേധം അറിയിക്കുന്നത്. വാക്കുകളിലൂടെയാണ് വിമർശനം. അതിനുള്ള അവകാശം തങ്ങൾക്കുണ്ട്. എമ്പുരാൻ സിനിമയെ കൂകി വിളിക്കുക എന്നതല്ല ഇവിടുത്ത ഹിന്ദുക്കൾ ചെയ്യുന്നത്. സിനിമ നിരോധിക്കണമെന്ന ആവശ്യവും തങ്ങൾക്കില്ല. എന്നാൽ ഗോധ്രയിൽ തീപിടിച്ചതല്ല, തീവെച്ചതാണെന്നും അതിനെ തുടർന്ന് അവിടുത്തെ സാധാരണക്കാർ സംഘടിച്ച് തിരിച്ചടിച്ചതാണ് ഗുജറാത്തിലുണ്ടായ കലാപം എന്ന വസ്തുത തങ്ങൾ പറഞ്ഞുകൊണ്ടേയിരിക്കും. ഗോധ്രയിലെ തീവെപ്പ് സംഘികൾ ചെയ്തതാണെന്നോ, അതൊരു ഷോർട്ട് സർക്യൂട്ടാണെന്നോ പറയുന്ന ജിഹാദി വേർഷൻ പ്രചരിപ്പിക്കുന്നതിന് എതിരെ ശക്തമായി പ്രതികരിക്കുക തന്നെ ചെയ്യും- വിദ്യാസാഗർ ഗുരുമൂർത്തി പറഞ്ഞു.















