തിരുവനന്തപുരം: എംബിഎ വിദ്യാർത്ഥികളുടെ ഉത്തരക്കടലാസ് കാണാതായ സംഭവത്തിൽ വീഴ്ച വരുത്തിയ അദ്ധ്യാപകനെതിരെ നടപടിയെടുത്തതായി കേരള സർവകലാശാല രജിസ്ട്രാർ. വീണ്ടും നടത്തുന്ന പരീക്ഷയ്‌ക്ക് വിദ്യാർത്ഥികളിൽ നിന്നും ഫീസ് ഇടക്കില്ലെന്നും നടത്തിപ്പിന്റെ ചിലവ് സർവകലാശാല വഹിക്കുമെന്നാണ് രജിസ്ട്രാറുടെ അറിയിപ്പ്. അദ്ധ്യാപകനെതിരെ ഡിജിപിക്ക് പരാതി നൽകിയതായും രജിസ്ട്രാർ പറഞ്ഞു.
2022-2024 ബാച്ച് എംബിഎ വിദ്യാർത്ഥികളുടെ ഉത്തരക്കടലാസാണ് നഷ്ടപ്പെട്ടത്. ബൈക്കിൽ പോകുമ്പോൾ ഉത്തരക്കടലാസുകൾ നഷ്ടമായെന്നാണ് മൂല്യനിർണയം നടത്തിയ അദ്ധ്യാപകന്റെ വിശദീകരണം. ഗുരുതര വീഴ്ച മൂടിവച്ച സർവ്വകലാശാല സംഭവം വിവാദമായതോടെയാണ് അദ്ധ്യാപകനെതിരെ നടപടി സ്വീകരിച്ചത്. തുടർന്നുള്ള പരീക്ഷകളിൽ നിന്നും ഇയാളെ വിലക്കും.
അതേസമയം വീണ്ടും പരീക്ഷ എഴുതണമെന്ന സർവകലാശാല നിർദേശത്തിൽ വിദ്യാർത്ഥികളും ആശങ്കയിലാണ്.എന്താണ് കാര്യമെന്ന് വ്യക്തമാക്കാതെ വീണ്ടും പരീക്ഷ എഴുതണമെന്ന അറിയിപ്പ് നൽകുകയായിരുന്നുവെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. പലതവണ അന്വേഷിച്ചതിനുശേഷമാണ് സത്യാവസ്ഥ പുറത്തുവന്നത്.