മുംബൈ: എമ്പുരാൻ സിനിമയെ രൂക്ഷമായി വിമർശിച്ച് ആർഎസ്എസ് മുഖപത്രമായ ഓർഗനൈസർ. എമ്പുരാൻ ഹിന്ദു വിരുദ്ധവും ഭാരത വിരുദ്ധവുമാണെന്ന് ഓർഗനൈസർ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ചൂണ്ടിക്കാട്ടി.
രാഷ്‌ട്രീയ നിലപാട് തിരുകി കയറ്റാനുള്ള വേദിയാക്കി സിനിമയെ മാറ്റി. ഗോധ്രാനന്തര കലാപവുമായി ബന്ധപ്പെട്ട് ചിത്രത്തിൽ ഉൾപ്പെടുത്തിയ ഭാഗങ്ങൾ ചരിത്ര വസ്തുതകളോടുള്ള വഞ്ചനയാണ്. ചരിത്രം മറച്ചുവെച്ചു കൊണ്ട് ഹിന്ദു വിഭാഗത്തെ അപമാനിക്കാനും ഭീകരന്മാരായി ചിത്രീകരിക്കാനുമുള്ള ശ്രമവും നടന്നു. രണ്ട് മത വിഭാഗങ്ങൾ തമ്മിൽ വിവേചനം ഉണ്ടാക്കുന്ന ചിത്രമാണിത്. ഹിന്ദു സമൂഹത്തെ അപമാനിക്കാൻ ആസൂത്രിതമായ നീക്കം നടന്നുവെന്നും ചരിത്ര വസ്തുതകളോട് വഞ്ചന കാണിക്കുന്നതാണ് സിനിമയെന്നും മുഖപത്രത്തിൽ പറഞ്ഞു.
അതേസമയം ചിത്രത്തിന്റെ റീ സെൻസറിംഗ് പൂർത്തിയായി എന്നാണ് വിവരം. ശക്തമായ പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് ചിത്രം വീണ്ടും സെൻസർ ചെയ്തത്. 17 ഇടത്താണ് മാറ്റം വരിക. കലാപം, സ്ത്രീകൾക്കെതിരായ അതിക്രമം എന്നിവ മാറ്റും. തിങ്കളാഴ്ച മുതൽ റിസെൻസർ ചെയ്ത പതിപ്പാണ് പ്രദർശനത്തിനെത്തുക.















