ന്യൂഡൽഹി: ഛത്തീസ്ഗഢിൽ നടന്ന ഏറ്റുമുട്ടലിൽ 16 മാവോയിസ്റ്റുകളെ വധിച്ച അതിർത്തി സുരക്ഷാ സേനയെ പ്രശംസിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 2026-നുള്ളിൽ രാജ്യത്ത് നിന്നും മാവോയിസ്റ്റുകളെ ഉന്മൂലനം ചെയ്യുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷ്യം നിറവേറ്റുമെന്നും അമിത് ഷാ എക്സിൽ കുറിച്ചു.
“സുക്മയിൽ നടന്ന ഓപ്പറേഷനിൽ സുരക്ഷാ ഉദ്യോഗസ്ഥർ 16 മാവോയിസ്റ്റുകളെ വധിക്കുകയും വൻ ആയുധശേഖരം കണ്ടെടുക്കുകയും ചെയ്തു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ 2026-നകം മാവോയിസ്റ്റുകളെ രാജ്യത്ത് നിന്ന് തുടച്ചുനീക്കും”.
ഒരിക്കലും ആയുധങ്ങളും ആക്രമണങ്ങളും മാറ്റത്തിന് കാരണമാകില്ല. സമാധാനത്തിനും വികസനത്തിനും മാത്രമേ അതിന് സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പോസ്റ്റിൽ പറഞ്ഞു.
സുക്മ-ദന്തേവാഡ അതിർത്തിയിലെ ഉപമ്പള്ളി കെർലപാൽ പ്രദേശത്തെ വനങ്ങളിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിൽ രണ്ട് ജവാന്മാർക്ക് പരിക്കേറ്റിരുന്നു. ഇവരെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കൊല്ലപ്പെട്ട മാവോയിസ്റ്റുകളും മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. സുക്മയിൽ ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ഏറ്റുമുട്ടലുകളിൽ ഒന്നാണിതെന്ന് മുതിർന്ന ഉദ്യോഗസ്ഥർ പ്രതികരിച്ചു.















