കൗണ്ടറുകളിൽ നിന്ന് എടുത്ത ടിക്കറ്റുകൾ റദ്ദാക്കാൻ സൗകര്യമൊരുക്കി റെയിൽവേ. മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്.
റെയിൽവേ സ്റ്റേഷനിലെ കൗണ്ടറിൽ നിന്നെടുത്ത ടിക്കറ്റ് റദ്ദാക്കാൻ ഇനി സ്റ്റേഷനിലേക്ക് പോകേണ്ട ആവശ്യമില്ല. ഓൺലൈൻ ടിക്കറ്റ് കാൻസലേഷൻ സൗകര്യമാണ് റെയിൽവേ ഒരുക്കിയിരിക്കുന്നത്. രാജ്യത്തെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ട്രെയിൻ യാത്രക്കാർക്ക് തങ്ങളുടെ വിലപ്പെട്ട സമയം ഇതിലൂടെ ലാഭിക്കാം.
സ്റ്റേഷനിലെത്തി ടിക്കറ്റെടുത്തയാൾക്ക് അത് റദ്ദാക്കണമെങ്കിൽ തിരിച്ച് വീണ്ടും സ്റ്റേഷനിലേക്ക് വരേണ്ടതില്ല. മറിച്ച്, IRCTC വെബ്സൈറ്റ് മുഖേനയോ 139 എന്ന നമ്പറിൽ വിളിച്ചോ ടിക്കറ്റ് റദ്ദാക്കാം. ടിക്കറ്റിന്റെ തുക തിരികെ ലഭിക്കാൻ പിന്നീട് റെയിൽവേ സ്റ്റേഷനിലെ റിസർവേഷൻ സെന്ററിനെ സമീപിച്ചാൽ മതിയാകും.