മ്യാൻമറിനെ തകർത്തെറിഞ്ഞ ഇരട്ടഭൂകമ്പത്തിന് പിന്നാലെ രണ്ടാം ദിനം വീണ്ടും ഭൂമി കുലുങ്ങി. തലസ്ഥാന നഗരമായ നൈപിദൗ (Naypyidaw) ലാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയതായി യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ അറിയിച്ചു. ഉച്ചയ്‌ക്ക് 2.50ഓടെയാണ് സംഭവം. നൈപിദൗവിൽ പത്ത് കിലോമീറ്റർ ആഴത്തിലാണ് പ്രഭവകേന്ദ്രം. ആദ്യദിനമുണ്ടായ ഭൂകമ്പത്തിൽ ഇവിടെ ശക്തമായ പ്രകമ്പനമുണ്ടായിരുന്നു.
നഗരത്തിൽ വൈദ്യുതി, ഇന്റർനെറ്റ്, ഫോൺ സേവനങ്ങളെല്ലാം താറുമാറായി. റോഡുകളെല്ലാം തകർന്ന നിലയിലാണ്. ആദ്യദിനം മ്യാൻമറിലെ മണ്ഡലായ് (Mandalay) നഗരത്തിൽ 7.7 തീവ്രതയിലും 11 മിനിറ്റിന് ശേഷം 6.4 തീവ്രതയിലും ഭൂമി കുലുങ്ങിയിരുന്നു. നിരവധി തുടർചലനങ്ങളുമുണ്ടായി. നഗരത്തെ പൂർണമായും വിഴുങ്ങിയ ഭൂകമ്പത്തിൽ സകല കെട്ടിടങ്ങളും നിലംപൊത്തി. 1.5 ദശലക്ഷം പേർ താമസിക്കുന്ന നഗരമാണ് ആദ്യദിനം ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമായത്.
ഇതിനോടകം ആയിരത്തിലധികം പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. മരണസംഖ്യ പതിനായിരം കടന്നേക്കാമെന്നാണ് സൂചന. അയൽരാജ്യമായ തായ്ലാൻഡിലെ ബാങ്കോക്കിലും പ്രകമ്പനമുണ്ടായിരുന്നു. നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണ് 10 തൊഴിലാളികൾ മരിക്കുകയും നൂറിലധികം തൊഴിലാളികളെ കാണാതാവുകയും ചെയ്തു. ഇന്ത്യ അടക്കമുള്ള നിരവധി രാജ്യങ്ങൾ ഭൂകമ്പബാധിത മേഖലയിലേക്ക് ദുരിതാശ്വാസ സാമഗ്രികൾ കൈമാറിയിട്ടുണ്ട്.