മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ച സംഭവത്തിൽ ജാമ്യം തേടി പ്രതിയായ മുഹമ്മദ് ഷെരീഫുൾ. കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. തനിക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത് കള്ളക്കേസാണെന്ന് പ്രതി ജാമ്യാപേക്ഷയിൽ പറയുന്നു.
സാക്ഷികളുടെ മൊഴികൾ കളവാണെന്ന് പ്രതി ജാമ്യാപേക്ഷയിൽ പറയുന്നുണ്ട്. കേസിന് വേണ്ട എല്ലാ തെളിവുകളും ശേഖരിച്ചിട്ടുണ്ടെന്നും അന്വേഷണം പൂർത്തിയാക്കിയിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചു. കേസിന്റെ കുറ്റപത്രം ഉടൻ സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഏപ്രിൽ ഒന്നിന് കേസ് വീണ്ടും പരിഗണിക്കും.
ജനുവരി 16-ന് ബാന്ദ്രയിലെ വസതിയിൽ വച്ചാണ് സെയ്ഫ് അലി ഖാൻ ആക്രമിക്കപ്പെട്ടത്. മോഷണശ്രമം തടയുന്നതിനിടെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ സെയ്ഫിന് സാരമായി പരിക്കേറ്റിരുന്നു. തുടർന്ന് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അടിയന്തര ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കുകയും ചെയ്തു.
രണ്ട് ദിവസത്തെ നീണ്ട തെരച്ചിലിനൊടുവിലാണ് പ്രതിയെ പൊലീസിന് കണ്ടെത്താനായത്. ഇതിനിടെ സെയ്ഫിന്റെ വീട്ടിലെ എല്ലാ ജീവനക്കാരെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്.















