നാഗ്പൂർ: പ്രാധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നാഗ്പൂരിൽ. ആർഎസ്എസ് കാര്യാലയം സന്ദർശിക്കും. പ്രധാനമന്ത്രിയായ ശേഷമുള്ള മോദിയുടെ ആദ്യത്തെ സന്ദർശനമാണിത്. ആർഎസ്എസ് ആസ്ഥാനത്തെത്തുന്ന മോദി സർസംഘചാലക് മോഹൻ ഭഗവതുമായി കൂടിക്കാഴ്ച നടത്തും. സന്ദർശനവേളയിൽ സ്ഥാപക നേതാക്കൾക്ക് സ്മൃതി മന്ദിറിൽ പുഷ്പ്പാർച്ചന നടത്തുകയും നിരവധി അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ ഉദ്‌ഘാടനം ചെയ്യുകയും ചെയ്യും.
ഗുഡി പദ്‌വ (വർഷ പ്രതിപദ) ഉത്സവത്തോടനുബന്ധിച്ചുള്ള ആർഎസ്‌എസിന്റെ ചടങ്ങുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിന്റെ സന്ദർശനം. സന്ദർശന വേളയിൽ, നാഗ്പൂരിലെ ഡോ. ഹെഡ്‌ഗേവാർ സ്മൃതി മന്ദിറിൽ സ്ഥിതി ചെയ്യുന്ന ആർഎസ്‌എസ് സ്ഥാപകൻ കെ ബി ഹെഡ്‌ഗേവാറിന്റെയും സംഘടനയുടെ രണ്ടാമത്തെ സർസംഘചാലക് എം എസ് ഗോൾവാൾക്കറുടെയും സ്മാരകങ്ങളിൽ പ്രധാനമന്ത്രി പുഷ്‌പാർച്ചന നടത്തും. 1956-ൽ ആയിരക്കണക്കിന് അനുയായികൾക്കൊപ്പം അംബേദ്കർ ബുദ്ധമതം സ്വീകരിച്ച സ്ഥലമായ ദീക്ഷഭൂമിയും മോദി സന്ദർശിക്കും.
ശേഷം നിരവധി അടിസ്ഥാന സൗകര്യവികസന പദ്ധതികൾക്ക് പ്രധാനമന്ത്രി തുടക്കം കുറിക്കും. മാധവ് നേത്രാലയ ഐ ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് റിസർച്ച് സെന്ററിന്റെ വിപുലീകരണമായ മാധവ് നേത്രാലയ പ്രീമിയം സെന്ററിന് മോദി തറക്കല്ലിടും. 250 കിടക്കകളുള്ള ഒരു ആശുപത്രി, 14 ഔട്ട്പേഷ്യന്റ് വകുപ്പുകൾ (ഒപിഡി), 14 മോഡുലാർ ഓപ്പറേഷൻ തിയേറ്ററുകൾ എന്നിവയടങ്ങിയതാണ് പുതിയ കെട്ടിടം. ഇതിനുശേഷം മോദി സോളാർ ഡിഫൻസ് ആൻഡ് എയ്‌റോസ്‌പേസ് ലിമിറ്റഡിന്റെ ആയുധ നിർമ്മാണകേന്ദ്രം സന്ദർശിക്കുന്ന മോദി അവിടെ ആളില്ലാ ആകാശ വാഹനങ്ങൾ (യുഎവി) കൾക്കായി രൂപകൽപ്പന ചെയ്‌ത എയർസ്ട്രിപ്പ് ഉദ്ഘാടനം ചെയ്യും. ലോയിറ്ററിംഗ് മ്യൂണിഷനും മറ്റ് ഗൈഡഡ് യുദ്ധോപകരണങ്ങൾക്കുമുള്ള തത്സമയ യുദ്ധോപകരണങ്ങളും വാർഹെഡ് ടെസ്റ്റിങ് സൗകര്യവും അദ്ദേഹം തുറക്കും.
പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുമ്പന്ധിച്ച് നാഗ്പൂരിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ലോക്കൽ യൂണിറ്റുകൾ, ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്‌പോസൽ സ്‌ക്വാഡ്, ആന്റി-ലയറ്റ് സ്‌ക്വാഡ്, ക്വിക്ക് റെസ്‌പോൺസ് ടീം എന്നിവയിൽ നിന്നുള്ള 5,000-ത്തിലധികം പൊലീസ് ഉദ്യോഗസ്ഥരെ സുരക്ഷയ്‌ക്കായി വിന്യസിച്ചിട്ടുണ്ട്. നാഗ്പൂരിനുശേഷം പ്രധാനമന്ത്രി ഛത്തീസ്ഗഡിലെ ബിലാസ്പൂർ സന്ദർശിക്കും. അവിടെ അദ്ദേഹം വൈദ്യുതി, ഓയിൽ, വാതകം, റെയിൽ, റോഡ്, വിദ്യാഭ്യാസം, ഭവന മേഖലകളിലെ നിരവധി പദ്ധതികൾക്ക് തറക്കല്ലിടും.