ന്യൂഡൽഹി: രാജ്യത്ത് പുരുഷന്മാരേക്കാൾ മൂന്നിരട്ടി സമയം സ്ത്രീകൾ വീട്ടുജോലികൾ ചെയ്യുന്നതിനായി മാറ്റിവയ്‌ക്കുന്നുവെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയം. കേരളത്തിലെ കണക്കുകൾ പരിശോധിക്കുമ്പോൾ സ്ത്രീകൾ ദിവസവും 4.4 മണിക്കൂർ വീട്ടുജോലിക്കായി സമയം ചെലവിടുന്നു. എന്നാൽ പുരുഷന്മാർ 1.36 മണിക്കൂർ മാത്രമാണ് വീട്ടുജോലി ചെയ്യുന്നത്.
രാജ്യത്തിൽ ഒരു ദിവസം സ്ത്രീകൾ 4.8 മണിക്കൂർ വീട്ടുജോലി ചെയ്യുമ്പോൾ പുരുഷന്മാർ 1.4 മണിക്കൂറാണ് വീട്ടുജോലിക്കായി മാറ്റിവയ്‌ക്കുന്നത്. 1.39 ലക്ഷം ആളുകളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കണ്ടെത്തൽ. വേതനത്തോടെ ജോലി ചെയ്യുന്നവരുടെയും അല്ലാത്തവരുടെയും വിവരങ്ങളാണ് ശേഖരിച്ചത്.
ഒരു ദിവസം സ്ത്രീകൾ എന്തെല്ലാം കാര്യങ്ങൾ സമയം കണ്ടെത്തുന്നു അത്തരത്തിൽ പുരുഷന്മാരും എങ്ങനെയൊക്കെ സമയം ചെലവഴിക്കുന്നുവെന്ന വിവരം കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയം പുറത്തുവിട്ടു. ഇതിൽ പുരുഷന്മാർ കുടുംബത്തോടൊപ്പം ചെലവഴിക്കുന്നത് 1.28 മണിക്കൂറാണ്. സ്ത്രീകൾ രണ്ടര മണിക്കൂറും ചെലവഴിക്കുന്നു.
വിനോദം, മാദ്ധ്യമ ഉപയോഗം, സാംസ്കാരിക പ്രവർത്തനങ്ങൾ എന്നിവയ്‌ക്ക് വേണ്ടി സ്ത്രീകൾ 2.95 മണിക്കൂറും പുരുഷന്മാർ മൂന്നര മണിക്കൂറും സമയം ചെലവിടുന്നു. സാമൂഹിക കൂട്ടായ്മകൾ, മതപരമായ ചടങ്ങുകൾ എന്നിവയ്‌ക്ക് വേണ്ടിയും സ്ത്രീകളാണ് അധികം സമയം ചെലവിടുന്നത്.















