എമ്പുരാൻ വിവാദം ആളിക്കത്തുന്നതിനിടെ ഖേദ പ്രകടനവുമായി മോഹൻലാൽ. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് മോഹൻലാൽ ഖേദം പ്രകടിപ്പിച്ചത്. തന്റെ പ്രിയപ്പെട്ടവർക്കുണ്ടായ മനോവിഷമത്തിൽ തനിക്കും എമ്പുരാന്റെ മുഴുവൻ അണിയറപ്രവർത്തകർക്കും വിഷമമുണ്ടെന്ന് മോഹൻലാൽ പോസ്റ്റിൽ പറയുന്നു.
എമ്പുരാൻ വിവാദങ്ങൾക്ക് പിന്നാലെ വലിയ തോതിലുള്ള സൈബറാക്രമണങ്ങളാണ് മോഹൻലാലിന് നേരെയുണ്ടായത്. സംവിധായകനായ പൃഥ്വിരാജ് മറ്റ് അണിയറപ്രവർത്തകർ എന്നിവർക്കെതിരെയും വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. റീ സെൻസറിംഗിന് പിന്നാലെ 17 ഭാഗങ്ങൾ കട്ട് ചെയ്യാൻ തീരുമാനിച്ചതും ചിത്രത്തിന് വലിയ തിരിച്ചടിയായിരുന്നു. ഇതിന് പിന്നാലെയാണ് ഖേദപ്രകടനവുമായി മോഹൻലാൽ തന്നെ രംഗത്തെത്തിയത്.
പോസ്റ്റിന്റെ പൂർണരൂപം
“‘ലൂസിഫർ’ ഫ്രാഞ്ചൈസിന്റെ രണ്ടാം ഭാഗമായ ‘എമ്പുരാൻ’ സിനിമയുടെ ആവിഷ്കാരത്തിൽ കടന്നു വന്നിട്ടുള്ള ചില രാഷ്‌ട്രീയ-സാമൂഹിക പ്രമേയങ്ങൾ എന്നെ സ്നേഹിക്കുന്നവരിൽ കുറേപേർക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി ഞാനറിഞ്ഞു. ഒരു കലാകാരൻ എന്ന നിലയിൽ എന്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്‌ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലർത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് എന്റെ കടമയാണ്.
അതുകൊണ്ട് തന്നെ എന്റെ പ്രിയപ്പെട്ടവർക്ക് ഉണ്ടായ മനോവിഷമത്തിൽ എനിക്കും എമ്പുരാൻ ടീമിനും ആത്മാർത്ഥമായ ഖേദമുണ്ട്. ഒപ്പം അതിന്റെ ഉത്തരവാദിത്വം സിനിമയ്‌ക്ക് പിന്നിൽ പ്രവർത്തിച്ച ഞങ്ങൾ എല്ലാവരുടേതുമാണ് എന്ന തിരിച്ചറിവോടെ
അത്തരം വിഷയങ്ങളെ നിർബന്ധമായും സിനിമയിൽ നിന്ന് നീക്കം ചെയ്യാൻ ഞങ്ങൾ ഒരുമിച്ച് തീരുമാനിച്ച് കഴിഞ്ഞു. കഴിഞ്ഞ നാല് പതിറ്റാണ്ട് നിങ്ങളിലൊരാളായാണ് ഞാൻ എന്റെ സിനിമാ ജീവിതം ജീവിച്ചത്. നിങ്ങളുടെ സ്നേഹവും വിശ്വാസവും മാത്രമാണ് എന്റെ ശക്തി. അതിൽ കവിഞ്ഞൊരു മോഹൻലാൽ ഇല്ല എന്ന് ഞാൻ വിശ്വസിക്കുന്നു. സ്നേഹപൂർവ്വം മോഹൻലാൽ”- എന്നാണ് മോഹൻലാലിന്റെ വാക്കുകൾ.