തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയായിരുന്ന മേഘയുടെ മരണം സംബന്ധിച്ച് കൃത്യമായ അന്വേഷണം ഉണ്ടാകുമെന്ന് കുടുംബത്തിന് ഉറപ്പ് നൽകി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഓഫീസുമായി ബന്ധപ്പെട്ട് കാര്യങ്ങൾ നീക്കുമെന്ന് മേഘയുടെ വീട് സന്ദർശിച്ച ശേഷം സുരേഷ് ഗോപി പറഞ്ഞു.
പത്തനംതിട്ട അതിരുങ്കലിലെ മേഘയുടെ വീട്ടിലെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി കുടുംബത്തിന്റെ ആശങ്കകൾ ആരാഞ്ഞു. മേഘയുടെ പിതാവ് മധുസൂദനനുമായി സംസാരിച്ച അദ്ദേഹം അന്വേഷണത്തിന് മുൻകയ്യെടുക്കുമെന്ന് കുടുംബത്തെ അറിയിച്ചു.
പൊലീസ് അന്വേഷണത്തിൽ വീഴ്ച സംഭവിച്ചുവെന്നാണ് മേഘയുടെ പിതാവ് മധുസൂദനൻ പറയുന്നത്. മേഘയുടെ ആൺസുഹൃത്തായ മലപ്പുറം എടപ്പാൾ സ്വദേശി ഐബി ഉദ്യോഗസ്ഥൻ സുകാന്ത് സുരേഷിനെതിരെയാണ് കുടുംബത്തിന്റെ ആരോപണം. കുടുംബം സംശയം ഉന്നയിച്ചയാളെ നിരീക്ഷണത്തിലാക്കാൻ പൊലീസിന് സാധിച്ചില്ലെന്ന് പിതാവ് പറയുന്നു. ഇതുകാരണം യുവാവിന് ഒളിവിൽ പോകാൻ സാഹചര്യം ലഭിച്ചുവെന്നും പിതാവ് ആരോപിച്ചു.
ആരോപണ വിധേയനായ മേഘയുടെ സുഹൃത്ത് സുകാന്ത് മകളെ സാമ്പത്തികമായി ചൂഷണം ചെയ്തുവെന്ന് മേഘയുടെ പിതാവ് ആരോപിച്ചിരുന്നു. മേഘയും സുകാന്തും എറണാകുളത്തും ചെന്നൈയിലും യാത്ര ചെയ്തിട്ടുണ്ടെന്നും, യുപിഐ വഴി നിരവധി തവണ സുകാന്തിന് മേഘ പണം അയച്ചിട്ടുണ്ടെന്നും ബാങ്ക് സ്റ്റേറ്റ്മെന്റിലൂടെ വ്യക്തമായിട്ടുണ്ട്. മരണത്തിന് തൊട്ടുമുമ്പ് മേഘ നടത്തിയത് ദൈർഘമേറിയ ഫോൺ സംഭാഷണം സുകാന്തുമായിട്ടുള്ളതായിരുന്നു. ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് മേഘ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്.















