നാഗ്പൂർ: ഭാരതത്തിന്റെ സംസ്കാരത്തിന്റെയും ആധുനികവത്കരണത്തിന്റെയും ആൽമരമാണ് രാഷ്‌ട്രീയ സ്വയംസേവക സംഘമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആർഎസ്എസ് പ്രവർത്തകർ രാജ്യത്തിന്റെ നാനാഭാഗങ്ങളിലും നിസ്വാർത്ഥമായാണ് പ്രവർത്തിക്കുന്നതെന്നും രാജ്യത്തെ സേവിക്കാൻ ആർഎസ്എസ് തനിക്കെന്നും പ്രചോദനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. നഗ്പൂരിൽ ആർഎസ്എസ് ആസ്ഥാനം സന്ദർശിച്ചശേഷം സന്ദർശക പുസ്തകത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ എഴുതിയത്.
“സേവനം ചെയ്യുക എന്നത് ആർഎസ്എസിന്റെ അഭിവാജ്യഘടകമാണ്. ആർഎസ്എസിന്റെ തത്വങ്ങളും പ്രത്യയശാസ്ത്രങ്ങളും പ്രവർത്തകരുടെ നിസ്വാർത്ഥമായ സേവനങ്ങളെ ഉന്നതിയിൽ എത്തിക്കും. ആർഎസ്എസും ബിജെപിയും തമ്മിൽ അഭിപ്രായവ്യത്യാസങ്ങളില്ല. ഞങ്ങളെ കുറിച്ച് അറിവില്ലാത്തവരാണ് രാഷ്‌ട്രീയ നേട്ടത്തിനായി തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതെന്ന്” അദ്ദേഹം പറഞ്ഞു.
രാഷ്‌ട്രീയ സ്വയംസേവക് സംഘ് 100 വർഷം പൂർത്തിയാക്കുന്ന സുപ്രധാന വേളയിലാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. രാവിലെ നാഗ്പൂരിലെത്തിയ പ്രധാനമന്ത്രി ആർഎസ്എസ് സ്ഥാപകൻ കേശവ് ബലിറാം ഹെഡ്ഗേവാറിന്റെയും ദ്വിതീയ സർ സംഘചാലക് മാധവ സദാശിവ ഗോൾവാൾക്കറുടെയും സ്മാരകങ്ങളിൽ അദ്ദേഹം പുഷ്‌പാർച്ചന നടത്തി.
പ്രധാനമന്ത്രിയായ ശേഷം നരേന്ദ്രമോദി ആദ്യമായാണ് ആർഎസ്എസ് ആസ്ഥാനത്തെത്തുന്നത്. നാഗ്പൂർ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, സംസ്ഥാന ബിജെപി അദ്ധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ എന്നിവർ ചേർന്നാണ് സ്വീകരിച്ചത്.















