തിരുവനന്തപുരം: ആവിഷ്കാര സ്വാതന്ത്ര്യത്തിൽ ഇരട്ടത്താപ്പുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേരളാസ്റ്റോറിക്കും, കശ്മീർഫയൽസിനും ആവിഷ്കാര സ്വാതന്ത്ര്യമില്ലേയെന്ന ചോദ്യത്തിലാണണ് സിപിഐ നേതാവിന്റെ ഒളിച്ചുകളി.
എമ്പുരാന്റെയും മറ്റ് ചിത്രങ്ങളുടേയും രാഷ്‌ട്രീയ സാഹചര്യം വ്യത്യസ്തമാണെന്ന വിചിത്ര മറുപടിയാണ് ബിനോയ് വിശ്വം നൽകിയത്. തിരുവനന്തപുരത്ത് എമ്പുരാന്റെ പ്രദർശനം കാണാനെത്തിയപ്പോഴായിരുന്നു പ്രതികരണം.
ഗോധ്രാനന്തര കലാപത്തെ വക്രീകരിച്ച് ചിത്രീകരിച്ചിരിക്കുന്ന മോഹൻലാൽ ചിത്രം എമ്പുരാനെതിരെ വിമർശനങ്ങളും എതിർപ്പുകളും ഉയരുന്നതിനിടയിലാണ് സിപിഐ സംസ്ഥാന സെക്രട്ടറിയുടെ ഇരട്ട നിലപാട്. ലൗ ജിഹാദിനെക്കുറിച്ചുള്ള കാണാക്കഥകൾ പുറത്തെത്തിച്ച കേരളാസ്റ്റോറിക്കും, കശ്മീർ പണ്ഡിറ്റുകളുടെ ദുരിത ജീവിതം പറഞ്ഞ കശ്മീർ ഫയലിനും ഇല്ലാത്ത എന്ത് ആവിഷ്കാര സ്വാതന്ത്ര്യമാണ് എമ്പുരാനുള്ളതെന്ന
ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ ബിനോയ് വിശ്വത്തിന് കഴിഞ്ഞില്ല.
ടിപി ചന്ദ്രശേഖന്റെ കൊലപാതക കഥ പറഞ്ഞ ചിത്രത്തോടും, ഇടതുപക്ഷ വിമർശനാത്മക ചിത്രമായ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിനോടും സിപിഐഎം സ്വീകരിച്ച സമീപനവും കേരള സമൂഹം കണ്ടതാണെന്നിരിക്കെയാണ് സിപിഐ നേതാവിന്റെ ഇരട്ടത്താപ്പ്. സ്വന്തം താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി വരുന്നതെല്ലാം ഇല്ലാതാക്കാൻ ശ്രമിക്കുകയും ദേശവിരുദ്ധതയും, ഹൈന്ദവ വിരുദ്ധതയും വച്ചുപുലർത്തുകയും ചെയ്യുന്ന ഇടതുപക്ഷ നേതാക്കൾക്ക് ഇരട്ടത്താപ്പാണെന്നാണ് ആക്ഷേപം.