തിരുവനന്തപുരം : ഇന്ന് ചെറിയ പെരുന്നാൾ. ശവ്വാൽ മാസപ്പിറ കണ്ടതോടെയാണ് ഇന്ന് പെരുന്നാൾ ആഘോഷിക്കുന്നത്. വിശുദ്ധിയുടെ 29 നോമ്പുകൾ പൂർത്തിയാക്കിയാണ് വിശ്വാസികൾ ചെറിയ പെരുന്നാളിനെ വരവേൽക്കുന്നത്. മാസപ്പിറവി ദൃശ്യമായതായി സംയുക്ത മഹല്ല് ഖാസി ഇബ്രാഹീമൂൽ ഖലിൽ ബുഖാരി തങ്ങൾ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പാളയം ഇമം ഡോ. വി പി സുഹൈബ് മൗലവി എന്നിവർ അറിയിച്ചു.
ഒരു മാസക്കാലം നീണ്ട വ്രതാനുഷ്ഠാനങ്ങൾക്കും പ്രാർത്ഥനകൾക്കും ശേഷമാണ് ഇസ്ലാം മതവിശ്വാസികൾ ഈദുൽ ഫിത്തർ ആഘോഷിക്കുന്നത്. കോഴിക്കോട് കടപ്പുറത്തും, എറണാകുളം കലൂർ സ്റ്റേഡിയത്തിലും തിരുവനന്തപുരം ചന്ദ്രശേഖർ നായർ സ്റ്റേഡിയത്തിലും ഉൾപ്പെടെ പ്രാർത്ഥനകൾ നടക്കുകയാണ്. പെരുന്നാൾ ആഘോഷത്തോടൊപ്പം ലഹരിവിരുദ്ധ സന്ദേശവും മുന്നോട്ടുവയ്‌ക്കുന്നുണ്ട്.
പെരുന്നാൾ ആഘോഷങ്ങൾ മറ്റുള്ളവർക്ക് പ്രയാസം വരാതെ നടത്തണമെന്നും സ്നേഹബന്ധങ്ങൾ ഊട്ടിയുറപ്പിക്കണമെന്നും കോഴിക്കോട് ഖാസി മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ പറഞ്ഞു. രാവിലെ മുതൽ പ്രാർത്ഥനകൾക്കും നമസ്കാരത്തിനുമായി വിശ്വാസികൾ പള്ളികളിലും ഈദ്ഗുഹകളിലും എത്തിയിട്ടുണ്ട്.
പെരുന്നാൾ ഉറപ്പിച്ചതോടേെ കഴിഞ്ഞ ദിവസം തന്നെ ഫിത്തർ സക്കാത്ത് വിതരണം ചെയ്തിരുന്നു. കാപ്പാട്, പൊന്നാനി, താനൂർ കടപ്പുറം എന്നിവിടങ്ങളിലാണ് ഇന്നലെ മാസപ്പിറവി കണ്ടത്. ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്നലെയായിരുന്നു പെരുന്നാൾ.















