തിരുവനന്തപുരം: വഖ്ഫ് ഭേദഗതി ബില്ലിനെ ഒറ്റക്കെട്ടായി എതിർക്കണമെന്ന ആഹ്വാനവുമായി പാളയം ഇമാം സുഹൈബ് മൗലവി. വഖ്ഫ് വസ്തുക്കൾ ദാനം ചെയ്ത വസ്തുക്കൾ എന്നാണ് ഖുറാൻ പറയുന്നത്. അള്ളാഹുവിന്റെ സ്വത്തുക്കൾ എന്ത് വിലകൊടുത്തും സംരക്ഷിക്കണം. വിശ്വാസികൾ വഖ്ഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യണമെന്നത് ഖുറാന്റെ തത്വമാണ്. വഖ്ഫ് ബില്ല് മത സ്വാതന്ത്ര്യത്തിന് എതിരാണെന്നും ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ഈദ് ഗാഹിൽ ഇമാം പറഞ്ഞു.
വഖ്ഫ് നിയമം ഭേദഗതി ചെയ്യാനുള്ള നീക്കങ്ങൾ തകൃതിയായി നടക്കുന്നു. ഭൗതിക താല്പര്യങ്ങൾക്ക് വേണ്ടി വഖ്ഫ് ഉപയോഗിക്കാൻ പാടില്ല. അല്ലാഹുവിന്റെ വകകൾ സംരക്ഷിക്കണം. വഖ്ഫുകൾ അള്ളാഹുവിന്റെ ധനം ആണ്. വഖ്ഫ് നിയമത്തിന് നിരക്കാത്തത് ഒക്കെയാണ് നിയമത്തിലിൽ ഉള്ളത്. ബില്ല് പാസായാൽ വഖ്ഫ് സ്വത്ത് നഷ്ടമാകും. എല്ലാ മനുഷ്യരും ഈ ബില്ലിന് വിയോജിപ്പ് പ്രകടമാക്കണമെന്നും ഇമാം ആഹ്വാനം ചെയ്തു. സ്വന്തം കിടപ്പാടം സംരക്ഷിക്കാൻ മുനമ്പം ജനത സമരം തുടരുന്നതിനിടെയാണ് പാളയം ഇമാമിന്റെ പരാമർശം.