തിരുവനന്തപുരം: ആശവർക്കർമാരുടെ സമരപ്പന്തലിൽ നാടകീയ രംഗങ്ങൾ. തലമുണ്ഡനം ചെയ്ത് പ്രതിഷേധം അറിയിക്കുകയാണ് ആശമാർ. അമ്പതാം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് നിർവികാരരായി മുടി മുറിച്ചുള്ള പ്രതിഷേധത്തിലേക്ക് ആശമാർ കടക്കുന്നത്. സംസ്ഥാന സർക്കാരിനെതിരെ രോക്ഷപ്രകടനവുമായാണ് ആശമാർ എത്തിയിരിക്കുന്നത്.
‘ഇപ്പോൾ ഞങ്ങൾ മുടി മുറിച്ചുമാറ്റുന്നു, ഇനി സർക്കാർ ഞങ്ങളുടെ തല വെട്ടിമാറ്റട്ടെ’ എന്ന മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് നൂറുകണക്കിന് ആശാവർക്കർമാർ പ്രതിഷേധിക്കുന്നത്. കണ്ണിരോടെയാണ് ആശവർക്കർമാർ സമരപ്പന്തലിൽ പ്രതിഷേധ പ്രകടനം നടത്തുന്നത്.
മുൻ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ, ബിജെപി ജില്ലാ പ്രസിഡന്റ് കരമന ജയൻ എന്നിവരടക്കമുള്ള ബിജെപി നേതാക്കൾ ആശമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സ്ഥലത്ത് എത്തിയിട്ടുണ്ട്.















