ബാങ്കോക്ക്: അയൽരാജ്യമായ മ്യാൻമറിൽ ശക്തമായ ഭൂകമ്പത്തെത്തുടർന്ന് ബാങ്കോക്കിൽ തകർന്നുവീണ കെട്ടിടത്തിൽ നിന്ന് അതീവ രഹസ്യരേഖകൾ മോഷ്ടിച്ച് കടക്കാൻ ശ്രമിച്ച നാല് ചൈനീസ് പൗരന്മാർ പിടിയിൽ. തായ് ന്യൂസ് പോർട്ടലായ ദി നേഷൻ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, കഴിഞ്ഞയാഴ്ചയുണ്ടായ ശക്തമായ ഭൂകമ്പത്തിൽ തകർന്ന ഒരു ബഹുനില കെട്ടിടത്തിന്റെ പ്രദേശത്ത് അനധികൃതമായി പ്രവേശിച്ച് 30 ലധികം ഫയലുകൾ നീക്കം ചെയ്യുന്നതിനിടെയാണ് ഇവർ പിടിയിലായത്.
മ്യാൻമർ ഭൂകമ്പത്തിന്റെ പ്രകമ്പനത്തിൽ ബാങ്കോക്കിൽ തകർന്നുവീണ ഒരേയൊരു ബഹുനില കെട്ടിടമാണിത്. ചൈനീസ് പിന്തുണയുള്ള നിർമ്മാണ പദ്ധതിയുടെ ഭാഗമായിരുന്നു ഇത്. 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് ശേഷം നിമിഷങ്ങൾക്കുള്ളിൽ കെട്ടിടം തകർന്നുവീണു. തകർന്ന സ്റ്റേറ്റ് ഓഡിറ്റ് ഓഫീസ് (എസ്‌എഒ) കെട്ടിടത്തിൽ നിന്ന് 32 രേഖകൾ അടങ്ങിയ ഫയലുകൾ കൈക്കലാക്കുന്നതിനിടെ നാല് ചൈനീസ് പൗരന്മാരെ പിടികൂടിയതായി പൊലീസ് മേജർ ജനറൽ നോപാസിൻ പൂൾസ്വത് പ്രാദേശിക മാദ്ധ്യമങ്ങളോട് പറഞ്ഞു.
പൊലീസ് അന്വേഷണത്തിൽ, ഇവരിൽ ഒരാൾക്ക് സാധുവായ വർക്ക് പെർമിറ്റ് ഉണ്ടെന്നും മറ്റൊരാൾ കെട്ടിട നിർമ്മാണ പദ്ധതിയുടെ പ്രോജക്ട് മാനേജരാണെന്ന് അവകാശപ്പെട്ടതായും കണ്ടെത്തി. കെട്ടിടത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട ബ്ലൂപ്രിന്റുകളും മറ്റ് രേഖകളും പ്രതികളുടെ പക്കൽ നിന്നും കണ്ടെടുത്തു. പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്ന നിർമ്മാണ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സബ് കോൺട്രാക്ടർമാരാണ് തങ്ങളെന്നും ക്ലെയിം പ്രക്രിയയ്‌ക്ക് ഫയലുകൾ നിർണായകമായതിനാലാണ് അവ എടുത്തതെന്നുമാണ് പ്രതികളുടെ മൊഴി.















