സോഷ്യൽമീഡിയയിൽ ട്രെൻഡിംഗായി ഗിബ്ലി സ്റ്റൈൽ. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ആനിമേറ്റഡ് രൂപത്തിൽ നിർമിക്കുന്നതാണ് ഗ്ലിബി ചിത്രങ്ങൾ. പ്രമുഖ താരങ്ങൾ ഉൾപ്പെടെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്യുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗിബ്ലി ചിത്രങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് ചിത്രങ്ങൾ എത്തിയത്. യുഎസ് പ്രഡിഡന്റ് ഡോണാൾഡ് ട്രംപ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ എന്നിവരോടൊപ്പമുള്ള പ്രധാനമന്ത്രിയുടെ ചിത്രങ്ങളാണ് പുറത്തെത്തിയത്. ഇതോടൊപ്പം ഇന്ത്യൻ സൈന്യത്തിന്റെ യൂണിഫോം ധരിച്ച് ത്രിവർണ പതാകയുമായി നിൽക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രവും ലക്ഷദ്വീപ് സന്ദർശനത്തിന്റെ ചിത്രങ്ങളും ഗിബ്ലി മോഡലിൽ പ്രചരിക്കുന്നുണ്ട്.

2023-ലെ പുതിയ പാർലമെന്റിൽ സ്ഥാപിച്ച സെങ്കോലുമായി പ്രധാനമന്ത്രി നിൽക്കുന്നതും രാംലല്ലയുടെ വിഗ്രഹത്തിന് മുന്നിൽ നിൽക്കുന്നതുമായ ഗിബ്ലി ചിത്രങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ എത്തിയിരുന്നു. അനന്ത് അംബാനിയുടെ വൻതാര വന്യമൃഗകേന്ദ്രം സന്ദർശിക്കുന്ന പ്രധാനമന്ത്രിയുടെ ഗിബ്ലി സ്റ്റൈൽ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ തരംഗമാവുകയാണ്.

എഐയുടെ ചാറ്റ്ജിപിടിയിലെ ഏറ്റവും പുതിയ അപ്ഡേറ്റിലൂടെയാണ് ഇത് സാധ്യമാകുന്നത്. സ്വപ്നതുല്യമായ ചിത്രങ്ങൾ കൊണ്ട് സോഷ്യൽമീഡിയ കീഴടക്കുകയാണ് ഗിബ്ലി ആർട്ട്. ഫാന്റസി ലോകത്തേക്ക് കൊണ്ടുപോകുന്ന അതിമനോഹരമായ ചിത്രങ്ങളാണ് ഗിബ്ലിയിലൂടെ ലഭിക്കുന്നത്.















