തിരുവനന്തപുരം: സെക്രട്ടേറിയറ്റിനുു മുന്നില്‍ തലമുണ്ഡനം ചെയ്തു പ്രതിഷേധിച്ച ആശാ പ്രവർത്തകർക്കെതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി നടത്തിയ പ്രസ്‍താവനയിൽ അമർഷം പുകയുന്നു. “വെട്ടിയ തലമുടി കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാര്‍ വഴി കേന്ദ്ര സര്‍ക്കാരിന് കൊടുത്തയക്കണം”. എന്നായിരുന്നു ശിവൻകുട്ടിയുടെ പരാമർശം. തന്റെ ഫേസ്‍ബുക്ക് പോസ്റ്റിലാണ് വി ശിവൻ കുട്ടി ആശാപ്രവർത്തകരുടെ സമരത്തെ ഇങ്ങിനെ അവഹേളിച്ചത്.
‘തൊഴിൽ സമരത്തെ 50 ദിവസം അപമാനിച്ചിട്ടും മന്ത്രിക്ക് മതിയായിട്ടില്ല’ എന്നാണ് ആശമാർ ഇതിനോട് പ്രതികരിച്ചത്.’സംസ്ഥാന തൊഴിൽ മന്ത്രി ഇത്തരം പ്രസ്താവനകൾ നിർത്തണം. തൊഴിൽ സമരത്തെ 50 ദിവസം അപമാനിച്ചിട്ടും മന്ത്രിക്ക് മതിയായിട്ടില്ലെ’ന്നും ആശാ സമരസമിതി നേതാവ് എം.എ ബിന്ദു പറഞ്ഞു. ‘മുറിച്ച മുടിയുടെ 60 ശതമാനം കേന്ദ്രത്തിനും 40 ശതമാനം സംസ്ഥാന സർക്കാരിനും അയക്കാ’മെന്നും ബിന്ദു കൂട്ടിച്ചേർത്തു.
‘സ്ത്രീയെ സംബന്ധിച്ച് മുടി മുറിക്കുക എന്നാല്‍ കഴുത്ത് മുറിക്കുന്നതിന് തുല്യമാണ്.ആ പ്രതിഷേധം തന്നെയാണ് നടത്തിയിരിക്കുന്നത്. അമ്പത് ദിനരാത്രങ്ങള്‍, രാവും പകലും, മഴയും മഞ്ഞും, പൊരിവെയിലും കൊണ്ടിട്ടും ഒന്ന് തിരിഞ്ഞുനോക്കാന്‍ പോലും ഇടതുപക്ഷ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. ലോകത്തിന്റെ മനഃസാക്ഷിക്ക് മുന്നിലേക്ക് ഞങ്ങളുടെ സമരം വെയ്‌ക്കുകയാണ്. ഈ സര്‍ക്കാര്‍ കണ്ണുതുറന്നില്ലെങ്കിലും ലോക മനഃസാക്ഷി ഞങ്ങളുടെ മുന്നില്‍ കണ്ണുതുറക്കുമെന്ന് വിശ്വസിക്കുന്നു. അമ്മമ്മാരുടെ കണ്ണുനീരാണ് അത്രയും. ഈ മുടി മുറിക്കലിലൂടെ ഇടതുപക്ഷ ജനാധിപത്യത്തിന്റെ കുലം തന്നെ മുടിഞ്ഞുപോകും.’- ആശ വര്‍ക്കർമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ആശ വര്‍ക്കര്‍മാരുടെ നിരാഹാര സമരം ഇന്ന് പന്ത്രണ്ടാം ദിവസത്തിലേക്കു കടന്നു. സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ചാണ് സമരത്തിന്റെ 50-ാം ദിവസമായ ഇന്നലെ മുടി മുറിച്ചും തല മുണ്ഡനം ചെയ്തും പ്രതിഷേധിച്ചത്. നൂറോളം ആശ വര്‍ക്കര്‍മാരാണ് മുടി മുറിക്കല്‍ സമരത്തില്‍ പങ്കാളിയായത്.