എമ്പുരാൻ വിവാദങ്ങളിൽ പ്രതികരിച്ച് നിർമാതാവ് ആന്റണി പെരുമ്പാവൂർ. എമ്പുരാന്റെ കഥ മോഹൻലാലിന് അറിയാമായിരുന്നെന്നും രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ഭാഗങ്ങളാണ് കട്ട് ചെയ്തതെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞു. എമ്പുരാന്റെ റീ എഡിറ്റഡ് പതിപ്പ് പുറത്തിറങ്ങാനിരിക്കെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആന്റണി പെരുമ്പാവൂർ.
“എല്ലാവരുടെയും സമ്മതത്തോടെയാണ് ഭാഗങ്ങൾ കട്ട് ചെയ്തത്. മോഹൻലാലിന് ഈ സിനിമയുടെ കഥയറിയാം. ഞങ്ങൾ എല്ലാവർക്കും സിനിമയെ കുറിച്ച് നന്നായി അറിയാം. ഒരിക്കലും പൃഥ്വിരാജിനെ ഒറ്റപ്പെടുത്തേണ്ട കാര്യമില്ല. ഈ സിനിമ നിർമിക്കണമെന്ന് ഞങ്ങൾ ഒന്നിച്ചെടുത്ത തീരുമാനമാണ്. മോഹൻലാലിന് അറിയാല്ലായെന്ന് പറയുന്നതിനോട് ഒരു തരത്തിലും യോജിപ്പില്ല. ഞങ്ങളെല്ലാവരും മനസിലാക്കിയ സിനിമയാണിത്”.
“ആരുടെയും സമ്മർദ്ദത്തിലല്ല റീ എഡിറ്റ് ചെയ്തത്. ഞങ്ങൾ എല്ലാവരും ആലോചിച്ച് തീരുമാനിച്ച കാര്യമാണ്. കേരളത്തിലെയും ഇന്ത്യയിലെയും ജനങ്ങൾ എമ്പുരാൻ സന്തോഷത്തോടെ സ്വീകരിച്ചു. വിവാദമാക്കേണ്ട കാര്യമില്ല. ആർക്കെങ്കിലും വിഷമമുണ്ടായാൽ അത് പരിഹരിക്കേണ്ട ഉത്തരവാദിത്തം ഞങ്ങൾക്കാണ്. മുരളി ഗോപിയുമായും സംസാരിച്ച് തീരുമാനിച്ചതാണ്. മാദ്ധ്യമങ്ങളിലൂടെ അദ്ദേഹം പ്രതികരിക്കാത്തത് എന്താണെന്ന് അറിയില്ല”.
ചിത്രത്തിന്റെ എഡിറ്റിംഗ് വർക്ക് നടക്കുന്നതേയുള്ളു. ഒരുപാട് സമയം എഡിറ്റ് ചെയ്ത് നീക്കുന്നില്ല. രണ്ട് മിനിറ്റ് മാത്രമാണ് എഡിറ്റ് ചെയ്യുന്നത്. ഇത് വലിയ വിവാദമാക്കി മാറ്റേണ്ട കാര്യമില്ലെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞു.















