പാസ്റ്റർ ബജീന്ദർ സിംഗിന് ജീവപര്യന്തം ശിക്ഷയ്‌ക്ക് വിധിച്ച് കോടതി. 2018ൽ രജിസ്റ്റർ ചെയ്ത ബലാത്സംഗക്കേസിലാണ് ശിക്ഷാവിധി. കേസിൽ കുറ്റക്കാരനാണെന്ന് കഴിഞ്ഞയാഴ്ചയായിരുന്നു കോടതി കണ്ടെത്തിയത്. തുടർന്ന് ഇന്ന് ശിക്ഷാവിധി പ്രഖ്യാപിക്കുകയായിരുന്നു. മൊഹാലി കോടതിയാണ് കേസ് പരിഗണിച്ചത്. അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി വിക്രാന്ത് കുമാറിന്റേതാണ് വിധി.
42-കാരനായ ബജീന്ദർ നിലവിൽ പട്യാല ജയിലിൽ കഴിയുകയാണ്. മൊഹാലിയിലെ സിക്കാപ്പൂർ പൊലീസ് സ്റ്റേഷനിൽ 2018-ലായിരുന്നു ഇയാൾക്കെതിരെ പീഡനക്കേസ് രജിസ്റ്റർ ചെയ്തത്.
വിദേശത്തേക്ക് കൊണ്ടുപോകുമെന്ന് വാഗ്ദാനം ചെയ്ത് അടുപ്പത്തിലാവുകയും വസതിയിലെത്തിച്ച് പീഡിപ്പിക്കുകയും ചെയ്തെന്നായിരുന്നു യുവതിയുടെ പരാതി. നഗ്നവീഡിയോ പകർത്തി ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞിരുന്നു. ഈ കേസിലാണ് പാസ്റ്റർ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
ബജീന്ദർ ഒരു സൈക്കോ ആണെന്നും ജയിലിൽ നിന്ന് പുറത്തിറങ്ങിയാൽ ഇതേ കുറ്റകൃത്യം തുടരുമെന്നും പരാതിക്കാരി പ്രതികരിച്ചു. ഇരകളായ നിരവധി പെൺകുട്ടികളുടെ വിജയമാണ് കോടതി വിധിയെന്നും ഇരകൾക്ക് നേരെ ആക്രമണത്തിന് സാധ്യതയുള്ളതിനാൽ പൊലീസ് സുരക്ഷ ഉറപ്പാക്കണമെന്നും യുവതി ആവശ്യപ്പെട്ടു.
സ്വയം പ്രഖ്യാപിത ക്രിസ്ത്യൻ പ്രവാചകനായിരുന്ന ബജീന്ദർ, യേശു യേശു എന്നാണ് അറിയപ്പെട്ടിരുന്നത്. രണ്ട് പള്ളികൾ ഇയാൾ നോക്കിനടത്തിയിരുന്നു. ജലന്ദറിലും മജ്രിയിലുമാണ് ഇവ രണ്ടും സ്ഥിതിചെയ്യുന്നത്. പത്ത് വർഷം മുൻപായിരുന്നു ഇയാൾ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടതെന്നാണ് വിവരം. കൊലക്കേസിൽ അകപ്പെട്ട് ജയിലിൽ കഴിയുന്നതിനിടെയായിരുന്നു ഇത്. തുടർന്ന് 2012 മുതൽ ഇയാൾ പാസ്റ്ററായി പ്രവർത്തിക്കാൻ തുടങ്ങി. അത്ഭുതസിദ്ധിയിലൂടെ മാരകരോഗങ്ങൾ സുഖപ്പെടുത്തുമെന്നാണ് ബജീന്ദർ സിംഗിന്റെ അവകാശവാദം.
2018ൽ പീഡനക്കേസ് രജിസ്റ്റർ ചെയ്ത സമയത്ത് ലണ്ടനിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ എയർപോർട്ടിൽ നിന്നായിരുന്നു പ്രതി പിടിയിലായത്.