ന്യൂഡൽഹി: വിഭജന ഭീഷണിയുമായി ബംഗ്ലാദേശ് ഇടക്കാല സർക്കാരിന്‍റെ തലവൻ മുഹമ്മദ് യൂനുസ്. ഭാരതത്തിന്‍റെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളെ വികസനത്തിലേക്ക് നയിക്കാനുള്ള ഗേറ്റ് വേ ആയി ചൈനയ്‌ക്ക് ബംഗ്ലാദേശിനെ ഉപയോഗിക്കാമെന്നായിരുന്നു യൂനുസിന്റെ പ്രസ്താവന. നാല് ദിവസത്തെ ചൈന സന്ദർശനത്തിനിടെ ആയിരുന്നു വിവാദ പരാമർശം നടത്തിയത്.
ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ഒരു തരത്തിലുള്ള വികസവും നിക്ഷേപവുമില്ല. ഈ പ്രദേശത്തേക്ക് ചൈന കടന്നു വരണം. ലാൻഡ് ലോക്ക്ഡ് ആയ (കരയാൽ ചുറ്റപ്പെട്ട് കടക്കുന്ന) പ്രദേശത്തേക്ക് ചൈനയുടെ നിക്ഷേപം വിപുലീകരിക്കാൻ ബംഗ്ലാദേശിന്റെ ചിറ്റോഗോങ് തുറമുഖം ഉൾപ്പെടെ ഉപയോഗിക്കാം എന്നും യൂനുസ് ബെയ്ജിംഗിൽ പറഞ്ഞു.
യൂനുസിന്‍റെ വാഗ്ദാനത്തിനെതിരെ അസം മുഖ്യമന്ത്രി തിരിച്ചടിച്ചു. ചൈനീസ് വിധേയത്വം മൂലമാണ് യുനുസ് ഇത്തരം വിഡ്ഡിത്തങ്ങൾ വിളമ്പുന്നതെന്ന് ഹിമന്ത ബിശ്വശർമ്മ വിമർശിച്ചു.
ബംഗ്ലാദേശിലെ കലാപങ്ങൾക്ക് പിന്നിൽ ചൈനയാണെന്ന ആരോപണം ശക്തമാണ്. ഷെയ്ഫ് ഹസീന നേതൃത്വം നൽകിയ അവാമി ലീഗ് സർക്കാർ ഇന്ത്യ അനുകൂല മതേതര നിലപാടാണ് സ്വീകരിച്ചിരുന്നത്. എന്നാൽ പിന്നീട് വന്ന ഇടക്കാല സർക്കാർ ഇന്ത്യ വിരോധമാണ് വച്ച് പുലർത്തിയത്. ചൈനയാണ് ബംഗ്ലാദേശിൽ അരക്ഷിതാവസ്ഥയും കലാപവും സൃഷ്ടിച്ചതെന്ന് ഇന്ത്യൻ രഹസ്യാന്വേണ ഏജൻസികളും ചൂണ്ടിക്കാട്ടിയിരുന്നു.
ഇതിന്റെ അടുത്തപടി ആയാണ് യുനുസിന്റെ സന്ദർശനം. നിരവധി കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ചതായാണ് സൂചന. ബംഗ്ലാദേശിലെ മോംഗ്ല തുറമുഖത്തിന്റെ നവീകരണത്തിലും വിപുലീകരണവും 400 മില്യൺ ഡോളർ ചൈന ചെലവഴിക്കുമെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയി പറയുന്നു. ഇതിന് പുറമേ നിരവധി ടിസ്റ്റ അടക്കമുള്ള നദികളുമായി ബന്ധപ്പട്ടും കരാറുണ്ടാക്കിയിട്ടുണ്ട്.















