ന്യൂഡൽഹി: മുനമ്പം ജനതയുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള മാർഗമാണ് വഖ്ഫ് ഭേദഗതി ബില്ലെന്ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ. രാഷ്‌ട്രീയത്തിന് അതീതമായി എല്ലാവരും വഖ്ഫ് ബില്ലിന് അനുകൂലമായി പ്രവർത്തിക്കണമെന്നും അതിനായി കേരളത്തിലെ എല്ലാ എംപിമാരോടും താൻ അഭ്യർത്ഥിക്കുന്നുവെന്നും ജാേർജ് കുര്യൻ പറഞ്ഞു. ഡൽഹിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“മുനമ്പത്തെ ജനങ്ങളുടെ പ്രശ്നത്തിന് ഏറ്റവും വലിയ പരിഹാരം വഖ്ഫ് ബില്ല് പാസാക്കുക എന്നതാണ്. ഈ പ്രശ്നം പരിഹരിക്കാൻ ബില്ലിന് അനുകൂലമായി പ്രവർത്തിക്കണം. പാവപ്പെട്ട മുസ്ലീംങ്ങൾ ഇതിന് അനുകൂലമാണ്. പാവപ്പെട്ടവന്റെ വിഷയമാണിത്. കേരളത്തിലെയും ഇന്ത്യയിലെയും എല്ലാ ജനങ്ങളും ആഗ്രഹിക്കുന്നതാണ് ഈ ബില്ല്. അഖിലേന്ത്യ തലത്തിൽ തന്നെ ജനങ്ങൾ ഒരുമിച്ച് മുന്നോട്ടുവന്നിരിക്കുന്ന വിഷയമാണ്”.
വഖ്ഫ് ഭൂമികളുമായി ബന്ധപ്പെട്ടുള്ള സംശയങ്ങൾ പരിഹരിക്കാനുള്ള ഏറ്റവും നല്ല അവസരമാണിത്. വഖ്ഫ് ഭൂമിയാണോ അല്ലയോ എന്നത് കമ്മിറ്റിയായിരിക്കും നിർണയിക്കുക. ഇതാണ് വഖ്ഫ് ബില്ലിന്റെ നിയമം. മുനമ്പം വിഷയം എത്ര കാലത്തിനുള്ളിൽ പരിഹരിക്കാൻ കഴിയുമോയെന്ന് ഇപ്പോൾ പറയാനാകില്ല. നിയമം പ്രാബല്യത്തിൽ വന്നതിന് ശേഷം തുടർനടപടികളിലേക്ക് കടക്കുന്നതാണ്. എല്ലാ രാഷ്‌ട്രീയ കക്ഷികൾക്കും അവകാശം ഉന്നയിക്കാൻ സാധിക്കുന്ന ബില്ലായി ഇത് മാറുമെന്നും ജോർജ് കുര്യൻ പറഞ്ഞു.