ന്യൂഡൽഹി: ഇന്ത്യയുടെ പ്രതിരോധ കയറ്റുമതിയിൽ റെക്കോർഡ് നേട്ടം കൈവരിച്ചതായി റിപ്പോർട്ട്. 2024-25 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ പ്രതിരോധ കയറ്റുമതി 23,622 കോടി രൂപയായി ഉയർന്നുവെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. മുൻപത്തെ സാമ്പത്തിക വർഷം ഇത് 21,083 കോടി രൂപയായിരുന്നു. ഒരുവർഷത്തിനിടെ 2,539 കോടി രൂപയുടെ അഥവാ 12.04 ശതമാനം വളർച്ചയാണ് പ്രതിരോധ കയറ്റുമതിയിൽ രേഖപ്പെടുത്തിയത്.
2024-25 സാമ്പത്തിക വർഷത്തിൽ പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങൾ (DPSU-കൾ) കയറ്റുമതിയിൽ 42.85 ശതമാനം വർദ്ധനവുണ്ടാക്കി. ആഗോള വിപണിയിൽ ഇന്ത്യൻ പ്രതിരോധ ഉത്പന്നങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യതയും ആഗോള വിതരണ ശൃംഖലയുടെ ഭാഗമാകാനുള്ള ഇന്ത്യൻ പ്രതിരോധ വ്യവസായത്തിന്റെ കഴിവുമാണ് ഇത് സൂചിപ്പിക്കുന്നത്.
2024-25 സാമ്പത്തിക വർഷത്തെ പ്രതിരോധ കയറ്റുമതിയിൽ സ്വകാര്യ മേഖലയിൽ നിന്ന് 15,233 കോടി രൂപയുടെ കയറ്റുമതിയും DPSUകളിൽ നിന്ന് 8,389 കോടി രൂപയുടെ കയറ്റുമതിയുമാണ് നടന്നത്. 2023-24 സാമ്പത്തിക വർഷത്തിൽ യഥാക്രമം 15,209 കോടി രൂപയും 5,874 കോടി രൂപയുമായിരുന്നു.
പ്രതിരോധ കയറ്റുമതിയിൽ റെക്കോർഡ് നേട്ടം കൈവരിച്ചതിന് പങ്കുവഹിച്ച എല്ലാ പങ്കാളികളേയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അഭിനന്ദിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ, 2029ഓടെ പ്രതിരോധ കയറ്റുമതി 50,000 കോടി രൂപയായി ഉയർത്തുക എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ മുന്നേറുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതിരോധ മേഖലയിൽ ഇറക്കുമതിയെ ആശ്രയിച്ചിരുന്നതിൽ നിന്ന് സ്വാശ്രയത്വത്തിലും തദ്ദേശീയ ഉത്പാദനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന രാജ്യമായി ഇന്ത്യ മാറി. വിവിധയിനം പ്രതിരോധ ഉത്പന്നങ്ങൾ ഏകദേശം 80 രാജ്യങ്ങളിലേക്കാണ് ഭാരതം നിലവിൽ കയറ്റുമതി ചെയ്യുന്നത്.
കയറ്റുമതിക്കായി അനുമതി തേടുന്ന അഭ്യർത്ഥനകൾ സമർപ്പിക്കുന്നതിന് പ്രതിരോധ വകുപ്പിന് കീഴിൽ പ്രത്യേക പോർട്ടൽ ഉണ്ട്. 2024-25 സാമ്പത്തിക വർഷത്തിൽ 1,762 അഭ്യർത്ഥനകൾക്കാണ് ഇതുവഴി അനുമതി ലഭിച്ചത്.















