കോഴിക്കോട് മേപ്പയ്യൂർ ഖനന വിരുദ്ധ സമരത്തിനിടെ പൊലീസ് അതിക്രമം നേരിട്ട പതിനഞ്ചുകാരനെതിരെ കേസ്. ജുവനൈൽ ബോർഡിന് മുന്നിൽ ഹാജരാക്കാൻ രക്ഷകർത്താക്കൾക്ക് നോട്ടീസ് നൽകി. സമരത്തിനിടെ കുട്ടിയെ കസ്റ്റഡിയിലെടുത്തത് വിവാദമായിരുന്നു.
മേപ്പയ്യൂർ പുറക്കാല മലയിലാണ് ഖനന വിരുദ്ധ സമരം നടന്നിരുന്നത്. മാർച്ച് നാലിന് നടന്ന സമരത്തിൽ നാട്ടുകാർ വലിയ തോതിൽ സംഘടിച്ചിരുന്നു. അന്നേദിവസം ഇത് കാണാൻ ചെന്നുനിന്ന 15-കാരനെയും കേസിൽ ഉൾപ്പെടുത്തുകയായിരുന്നു പൊലീസ്. തുടർന്ന് കുട്ടിയെ ബലംപ്രയോഗിച്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോയെങ്കിലും പിന്നീട് ഇത് വിവാദമായതോടെ വിട്ടയച്ചു. സമരത്തിൽ പങ്കെടുത്ത പ്രായപൂർത്തയായ വ്യക്തിയെന്ന് കരുതിയാണ് കസ്റ്റഡിയിൽ എടുത്തതെന്നാണ് പൊലീസ് അന്നുനൽകിയ വിശദീകരണം. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ ഉൾപ്പടെ നടപടിയെടുത്തു.
എന്നാലിപ്പോൾ കേസിൽ കുട്ടിയെ കൂടി ഉൾപ്പെടുത്തിയിരിക്കുകയാണ് പൊലീസ്. സംഘം ചേർന്ന് സംഘർഷമുണ്ടാക്കി എന്ന കേസിൽ കുട്ടിയുടെ പേര് ചേർത്തിരിക്കുകയാണ്. നേരത്തെ 12 പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിലാണ് കുട്ടിയെ കൂടി ഉൾപ്പെടുത്തിയത്. ബാലാവകാശ കമ്മീഷൻ നടപടിയെടുത്തതിലുള്ള പ്രതികാര നടപടിയാണിതെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചു.















