പാലക്കാട്: ഓങ്ങല്ലൂർ പഞ്ചായത്ത് സെക്രട്ടറിയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിൻ. സഹോദരിയെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് പഞ്ചായത്ത് സെക്രട്ടറിയായ ജഗദീഷിനെ എംഎൽഎ ഭീഷണിപ്പെടുത്തിയത്. മര്യാദയ്‌ക്ക് സംസാരിച്ചില്ലെങ്കിൽ മുഖത്തടിക്കുമെന്നാണ് ഭീഷണി. ഇതിന്റെ കോൾ റെക്കോർഡ് പുറത്തുവന്നിട്ടുണ്ട്.
തനിക്ക് എന്നോട് എന്തെങ്കിലും പ്രശ്നമുണ്ടോയെന്ന് പറഞ്ഞാണ് ഭീഷണി സംഭാഷണം തുടങ്ങുന്നത്. “വീട്ടിലെ സ്ത്രീകളോട് നിങ്ങൾ മോശമായി പെരുമാറി. എന്റെ പെങ്ങൾ അവിടെ നിന്ന് കരഞ്ഞിട്ടാണല്ലോ ഇറങ്ങിപോയത്. ഞാൻ താങ്കളെ ഒരു റെക്കമന്റേഷനും വിളിച്ചിട്ടില്ല. തനിക്ക് എന്തെങ്കിലും രാഷ്‌ട്രീയമായി എന്നോട് പ്രശ്നമുണ്ടെങ്കിൽ, വീട്ടിലെ സ്ത്രീകളോട് മാന്യമായി പെരുമാറാൻ അറിയില്ലെങ്കിൽ അടിച്ച് മോന്ത പൊളിക്കും” എന്നായിരുന്നു എംഎൽഎയുടെ ഭീഷണി.
അതേസമയം, സെക്രട്ടറിക്കെതിരെ ഇതിന് മുമ്പും പരാതികൾ ഉണ്ടായിട്ടുണ്ടെന്നാണ് എംഎൽഎയുടെ വാദം. വിവാഹം രജിസ്റ്റർ ചെയ്യുന്നതിനായാണ് എംഎൽഎയുടെ സഹോദരി പഞ്ചായത്ത് ഓഫീസിലെത്തിയത്. എന്നാൽ ലേറ്റ് മാരേജിന്റെയും വിദ്യാഭ്യാസ യോഗ്യതയുടെയും കാര്യം പറഞ്ഞ് പഞ്ചായത്ത് സെക്രട്ടറി പരിഹസിച്ചുവെന്ന് മുഹമ്മദ് മുഹ്സിൻ പറഞ്ഞു.
ജനുവരി 20-ന് നടന്ന സംഭവത്തിന്റെ ഫോൺ സംഭാഷണങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. അതേസമയം, സംഭവത്തിന് പിന്നാലെ പഞ്ചായത്ത് സെക്രട്ടറി ജഗദീഷിനെ ഓങ്ങല്ലൂരിൽ നിന്നും സ്ഥലംമാറ്റിയിരുന്നു.















