കൊച്ചി: പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ പ്രതികളായ പത്ത് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് കൂടി ജാമ്യം. മുഖ്യപ്രതികളായ ഷെഫീഖ്, നാസർ, എച്ച്. ജംഷീർ, ബി. ജിഷാദ്, അഷ്‌റഫ് മൗലവി, സിറാജുദ്ദീൻ, അബ്ദുൽ ബാസിത്, അഷ്‌റഫ്, മുഹമ്മദ് ഷെഫീഖ്, ജാഫർ എന്നിവർക്കാണ് ഹൈക്കോടതി ജാമ്യം നൽകിയത്. പ്രതികൾക്കെതിരെ എൻഐഎ യുഎപിഎ ചുമത്തിയിരുന്നു. പ്രതികളുടെ ജാമ്യാപേക്ഷ എൻഐഎ കോടതി തള്ളിയിരുന്നു.
ആർഎസ്എസ് ശാരീരിക് ശിക്ഷൺ പ്രമുഖായിരുന്ന ശ്രീനിവാസനെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ നടുറോഡിലിട്ട് വെട്ടിക്കൊന്ന സംഭവം 2022 ഏപ്രിൽ 16-നാണുണ്ടായത്. പാലക്കാട് മേലാമുറി ജംഗ്ഷനിൽ വച്ച് ബൈക്കിലെത്തിയ പ്രതികൾ കടയിൽ കയറി ശ്രീനിവാസനെ വെട്ടിക്കൊല്ലുകയായിരുന്നു.
പ്രതികളായ 27 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരിൽ 17 പേർക്കും ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ഈ ഉത്തരവിനെതിരെ എൻഐഎ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. പ്രതികൾക്ക് ജാമ്യം നൽകിയതിൽ ഹൈക്കോടതിക്ക് പിഴവുണ്ടായെന്ന് ഹർജി പരിഗണിക്കവേ സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. കുറ്റകൃത്യത്തിൽ ഓരോ പ്രതികളുടെയും പങ്ക് എന്തായിരുന്നുവെന്ന് പരിശോധിക്കാതെയാണ് 17 പേർക്ക് ജാമ്യം അനുവദിച്ചതെന്നും ഇക്കാര്യത്തിൽ ഹൈക്കോടതിക്ക് പിഴവ് സംഭവിച്ചുവെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഈ ഹർജി ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഇതിനിടെയാണ് പ്രധാന പ്രതികൾക്ക് ജാമ്യം അനുവദിച്ച് കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ്.