ഹാമിൽട്ടൺ: ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിലും പാകിസ്താന് തോൽവി. ഹാമിൽട്ടണിലെ സെഡൺ പാർക്കിൽ നടന്ന മത്സരത്തിൽ പാകിസ്താനെതിരെ ന്യൂസിലൻഡ് 84 റൺസിന്റെ വിജയം സ്വന്തമാക്കി. കിവീസിന്റെ 293 റൺസിന്റ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ പാക് ടീം 41.2 ഓവറിൽ 208 റൺസിന് ആൾ ഔട്ടായി. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ കിവീസ് 2-0 ന് മുന്നിലെത്തി. മിച്ചൽ ഹേ (99), ബെൻ സിയേഴ്സ് (5/59) എന്നിവരാണ് കിവീസിനായി മികച്ച പ്രകടനം കാഴ്ചവച്ചത്.
ടോസ് നേടിയ പാകിസ്താൻ ന്യൂസിലൻഡിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ഓപ്പണർമാരായ റൈസ് മരിയുവും (25 പന്തിൽ 18) നിക്ക് കെല്ലിയും (23 പന്തിൽ 31) ചെറിയ സ്കോറുകളിൽ മടങ്ങിയെങ്കിലും മിച്ചൽ ഹേ (99) മുഹമ്മദ് അബ്ബാസ് (41) എന്നിവരുടെ ഇന്നിംഗ്‌സുകളുടെ കരുത്തിൽ ന്യൂസിലാൻഡ് 8 വിക്കറ്റ് നഷ്ടത്തിൽ 292 റൺസ് നേടി. പാകിസ്താനുവേണ്ടി മുഹമ്മദ് വസീം, സൂഫിയാൻ മുഖീം എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്താന് തുടക്കത്തിലേ അടി പതറി. ഓപ്പണർമാരായ അബ്ദുല്ല ഷഫീഖ്, ഇമാം ഉൾ-ഹഖ്, എന്നിവരും പിന്നാലെ വന്ന ബാബർ അസമും ക്യാപ്റ്റൻ മുഹമ്മദ് റിസ്വാനും രണ്ടക്കം കാണാതെ മടങ്ങിയതോടെ പാകിസ്താൻ തകർച്ചയിലേക്ക് കൂപ്പുകുത്തി. ഫഹീം അഷ്‌റഫിന്റെ (80 പന്തിൽ 73) ചെറുത്തുനിൽപ്പാണ് സ്കോർ 100 കടത്തിയത്. സിയേഴ്സിന്റെ പന്തിൽ മിച്ചൽ ഹെയ്‌ക്ക് ക്യാച്ച് നൽകി ഫഹീം മടങ്ങി. വാലറ്റത് നസീം ഷായും (51) സൂഫിയാൻ മുഖീമും (13) തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും 41.2 ഓവറിൽ അവസാന വിക്കറ്റും വീഴ്‌ത്തി കീവീസ് പാകിസ്താന്റെ വിജയപ്രതീക്ഷകൾക്ക് തിരിച്ചടി നൽകി ബെൻ സിയേഴ്‌സ് ന്യൂസിലൻഡിനായി 59 റൺസ് വിട്ടുകൊടുത്ത് 5 വിക്കറ്റ് വീഴ്‌ത്തി.