ന്യൂഡൽഹി: 2024 ൽ ലഭിച്ച പൊതുജന പരാതികളിൽ 90 ശതമാനവും പരിഹരിച്ചു കഴിഞ്ഞെന്ന് കേന്ദ്രസർക്കാർ. സമർപ്പിത ഓൺലൈൻ പ്ലാറ്റ്‌ഫോം വഴി സർക്കാരിന് ലഭിച്ച 29 ലക്ഷത്തിലധികം പൊതുജന പരാതികളിൽഏകദേശം 26.45 ലക്ഷം പരാതികൾക്കും പരിഹാരമായതായി കേന്ദ്രം ലോക്‌സഭയെ അറിയിച്ചു. പൗരന്മാർക്ക് പരാതികൾ ഉന്നയിക്കാൻ കഴിയുന്ന ഒരു ഓൺലൈൻ പ്ലാറ്റ്‌ഫോമായ സെൻട്രലൈസ്ഡ് പബ്ലിക് ഗ്രീവൻസ് റിഡ്രസ് ആൻഡ് മോണിറ്ററിംഗ് സിസ്റ്റത്തിലാണ് (CPGRAMS) പരാതികൾ ലഭിച്ചത്.
“2020-2024 കാലയളവിൽ ആകെ 1,15,52,503 പരാതികൾ പരിഹരിച്ചു, കൂടാതെ 2024 ജനുവരി മുതൽ ഡിസംബർ വരെ CPGRAMS പോർട്ടലിൽ എക്കാലത്തെയും ഉയർന്ന വാർഷിക നിരക്കായ 26,45,869 പരാതികൾ (90.5 ശതമാനം) പരിഹരിച്ചു. പൊതുജനങ്ങളുടെ പരാതികൾ ഫലപ്രദമായി പരിഹരിക്കുന്നതിനുള്ള സമഗ്രമായ മാർഗ്ഗനിർദ്ദേശങ്ങൾ 2024 ഓഗസ്റ്റ് 23-ന് സർക്കാർ പുറപ്പെടുവിച്ചു” കേന്ദ്ര പേഴ്‌സണൽ സഹമന്ത്രി ജിതേന്ദ്ര സിംഗ് രേഖാമൂലമുള്ള മറുപടിയിൽ പറഞ്ഞു.
വിവിധ പൊതുജന പരാതി പരിഹാര പ്ലാറ്റ്‌ഫോമുകളുടെ സംയോജനം, മന്ത്രാലയങ്ങളിലും വകുപ്പുകളിലും സമർപ്പിത പരാതി പരിഹാര സെല്ലുകൾ സൃഷ്ടിക്കൽ, പരിചയസമ്പന്നരും കഴിവുള്ളവരുമായ നോഡൽ ഓഫീസർമാരെ നിയമിക്കൽ, പരാതികളുടെ മൂലകാരണ വിശകലനത്തിന് ഊന്നൽ നൽകൽ, ഫീഡ്‌ബാക്കിന്മേലുള്ള നടപടികൾ എന്നിവയെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നുണ്ടെന്നും കേന്ദ്രമന്ത്രി സഭയെ അറിയിച്ചു.















