ആദ്യ ഹോം മത്സരത്തിൽ തകർന്നടിഞ്ഞ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. ഗുജറാത്ത് ടൈറ്റൻസിന്റെ ബൗളർമാരാണ് ആർ.സി.ബിയെ വരിഞ്ഞു മുറുക്കിയത്. നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 169 റൺസ്. ടോസ് നേടിയ ഗുജറാത്ത് ആർ.സി.ബിയെ ബാറ്റിംഗിന് വിട്ടു. ഗില്ലിന്റെ തീരുമാനം ശരിയാണെന്ന് തെളിയാൻ അധികം താമസമുണ്ടായില്ല. രണ്ടാം ഓവറിൽ 7 റൺസുമായി കോലി കൂടാരം കയറി. പിന്നീട് പഴയ ടീമിനെതിരെ ആറാടാനുള്ള സിറാജിന്റെ സമയമായിരുന്നു. പടിക്കലിന്റെ കുറ്റി തെറിപ്പിച്ച് സിറാജ് ആദ്യ വെടി പെട്ടിച്ചു.
തൊട്ടുപിന്നാലെ ഫിൽ സാൾട്ടിനെ ബട്ലർ കൈവിട്ടു. ഇതിന് പിന്നാലെ സിറാജിനെ 105 മീറ്റർ സിക്സിന് പറത്തി സാൾട്ട് വെടിക്കെട്ടിന് കോപ്പുക്കൂട്ടി. എന്നാൽ തൊട്ടടുത്ത പന്തിൽ സിറാജ് കൊടുങ്കാറ്റിൽ സാൾട്ടിന്റെ സ്റ്റമ്പ് മൂളി പറന്നു. രജത് പട്ടിദാറിനും (12) കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.
എന്നാൽ പിന്നീട് ക്രീസിലെത്തിയ ലിയാം ലിവിംഗ്സ്റ്റണിന്റെ അർദ്ധ സെഞ്ച്വറി ആർ.സി.ബി ഇന്നിംഗ്സിന് അല്പം ജീവൻ നൽകി. 39 പന്തിലാണ് താരം അർദ്ധ സെഞ്ച്വറി പൂർത്തിയാക്കിയത്. ഇതിനിടെ നിർണായക റൺസുകൾ സംഭവാന ചെയ്ത ജിതേഷ് ശർമ്മ(33) പുറത്തായി. പിന്നാലെയെത്തി ക്രുനാൽ അഞ്ചു റൺസുമായി പുറത്തായതും ആർ.സി.ബിയുടെ സ്കോറിംഗിനെ ബാധിച്ചു. എന്നാൽ അവസാന ഓവറിലെ ടിം ഡേവിഡിന്റെ (18 പന്തിൽ 32) മിന്നലടികൾ ആർസിബിക്ക് പൊരുതാവുന്ന സ്കോർ സമ്മാനിച്ചു. സിറാജിന് മൂന്നു വിക്കറ്റുമായി തിളങ്ങി. ഇഷാന്ത് ശർമയും അർഷദ് ഖാനും ഓരോ വിക്കറ്റ് വീതം നേടിയപ്പോൾ സായി കിഷോറിന് രണ്ടു വിക്കറ്റ് ലഭിച്ചു.















