ന്യൂഡല്‍ഹി: വഖ്ഫ് ഭേദഗതി ബില്‍ പാസാകുന്നതോടെ കേരള നിയമസഭ വഖഫ് ബില്ലിനെതിരെ പാസാക്കിയ പ്രമേയം അറബിക്കടലില്‍ കളയേണ്ടിവരുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സിപിഎം അംഗം കെ. രാധാകൃഷ്ണന്‍ വഖ്ഫ് ബില്ലിന്മേല്‍ സംസാരിക്കുന്നതിനിടെ സുരേഷ് ഗോപിയുടെ പേര് പരാമര്‍ശിച്ചപ്പോൾ അതിനു മറുപടി നല്‍കവേയാണ് കേന്ദ്രമന്ത്രി ഇങ്ങിനെ പറഞ്ഞത്.
വഖ്ഫ് ബില്‍ പാസാക്കുന്നതിലൂടെ സമൂഹത്തെ ഭിന്നിപ്പിക്കാനാണ് ശ്രമം നടക്കുന്നതെന്നായിരുന്നു കെ രാധാകൃഷ്ണന്റെ വ്യാഖ്യാനം. മുസ്ലിം സമൂഹത്തെ ഒറ്റപ്പെടുത്താന്‍ ശ്രമമുണ്ടെന്നും ബില്‍ ന്യൂനപക്ഷ വിരുദ്ധമാണെന്നും അതിനാൽ എതിര്‍ക്കുമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. വഖ്ഫ് ബില്ലിലൂടെ രാജ്യത്തെ വിഭജിക്കാനാണ് ശ്രമം നടക്കുന്നതെന്ന് കെസി വേണുഗോപാൽ പറഞ്ഞു. മുസ്ലിം ലീഗ് എംപി ഇ.ടി മുഹമ്മദ് ബഷീര്‍, എന്‍.കെ പ്രേമചന്ദ്രന്‍ എന്നിവരും കേരളത്തില്‍ നിന്ന് സംസാരിച്ചു.















