കോട്ടയം: പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തെത്തി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി. എൻഎസ്എസ് ജനറൽ സെക്രട്ടറിയുടെ അനുഗ്രഹം വാങ്ങിയതായും വികസിത ഭാരതം എന്ന ലക്ഷ്യത്തിനായുള്ള പ്രവർത്തനങ്ങൾക്ക് അദ്ദേഹത്തിന്റെ പിന്തുണ തേടിയതായും കൂടിക്കാഴ്ചയ്‌ക്ക് ശേഷം മാദ്ധ്യമങ്ങളെ കണ്ട രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
വഖ്ഫ് ബിൽ വിഷയത്തിൽ പ്രതികരിച്ച സംസ്ഥാന അദ്ധ്യക്ഷൻ ലോകസഭയിൽ ബിൽ പാസായതോടെ, എതിർത്ത കോൺഗ്രസിന്റെ പ്രീണന രാഷ്‌ട്രീയമാണ് പുറത്തുവന്നതെന്നും മുനമ്പത്തെ ജനങ്ങളുടെ പ്രശ്നത്തിന് പരിഹാരമാണ് വഖ്ഫ് ബില്ലെന്നും ചൂണ്ടിക്കാട്ടി. എന്നാൽ ബിൽ ജനങ്ങൾക്കെതിരാണെന്ന തെറ്റായ പ്രചാരണമാണ് പ്രതിപക്ഷ പാർട്ടികൾ നടത്തുന്നത്. ഇത് കോൺഗ്രസിന്റെ നുണയാണെന്ന് ലോകസഭയിലെ സംവാദം കണ്ട ജനങ്ങൾക്ക് മനസിലായെന്നും രാജീവ് ചന്ദ്ര ശേഖർ പറഞ്ഞു.
സംസ്ഥാന അദ്ധ്യക്ഷനായ ശേഷമുള്ള ആദ്യത്തെ എൻഡിഎ നേതൃയോഗത്തിലും രാജീവ് ചന്ദ്രശേഖർ ഇന്ന് പങ്കെടുക്കും. തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളടക്കം യോഗത്തിൽ ചർച്ചയാകും. ഇതിന് മുന്നോടിയായാണ് ബിജെപി അദ്ധ്യക്ഷൻ എൻഎസ്എസ് ആസ്ഥാനത്തെത്തിയത്.















