ജറുസലം: ഗാസയിലെ റഫയ്‌ക്കിന് ചുറ്റമുള്ള കൂടുതൽ പ്രദേശങ്ങൾ പിടിച്ചെടുക്കുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രാലയം. ഗാസയിൽ സൈനിക നടപടികൾ ശക്തമാക്കുമെന്നും ജനങ്ങളെ സ്ഥലത്ത് നിന്ന് ഒഴിപ്പിക്കുമെന്നും പ്രതിരോധമന്ത്രി ഇസ്രയേൽ കാട്സ് പറഞ്ഞു.
യുദ്ധം നടക്കുന്ന പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴുപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഹമാസ് ഭീകരരെ തുടച്ചുനീക്കി, ഇസ്രായേലി ബന്ദികളെ തിരികെ കൊണ്ടുവരുമെന്ന് സൈന്യം പുറത്തിറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു. ഹമാസിന്റെ അടിസ്ഥാനസൗകര്യങ്ങൾ തകർക്കാനാണ് സൈന്യത്തിന്റെ നീക്കം. ഗാസയിലെ തെക്കൻ ജില്ലകളിൽ താമസിക്കുന്നവരോട് പാലായനം ചെയ്യാൻ സൈന്യം മുന്നറിയിപ്പ് നൽകി.
ഗാസയിലെ കൂടുതൽ മേഖലകൾ ഇസ്രായേലിന്റെ സുരക്ഷാ മേഖലയിലേക്ക് കൂട്ടിചേർക്കും. റഫയിലെയും പരിസരപ്രദേശങ്ങളിലെയും ആളുകളോട് സ്ഥലത്ത് നിന്ന് ഒഴിയാൻ സൈന്യം ആവശ്യപ്പെട്ടിരുന്നു. ദീർഘകാലമായി ഗാസ അതിർത്തി ബഫർസോണാണ്. യുദ്ധം ആരംഭിച്ച ശേഷം ഇത് കൂടുതൽ വ്യാപിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ 11 കുട്ടികളുൾപ്പെടെ 40 പേർ കൊല്ലപ്പെട്ടു. ഖാൻ യൂനിസ്, വടക്കൻ ഗാസ, ജബാലിയ എന്നിവിടങ്ങളിലാണ് ആക്രമണമുണ്ടായത്. ഹമാസിന്റെ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററായി പ്രവർത്തിച്ചിരുന്ന കെട്ടിടം ഇസ്രായേൽ സൈന്യം തകർത്തെറിഞ്ഞു.