തെലങ്കാന: വ്യാവസായികാന്തരീക്ഷത്തിൽ മനം മടുത്ത് കേരളം വിട്ട, കിറ്റക്സിന്റെ തെലങ്കാന ഫാക്ടറി പ്രവർത്തനമാരംഭിച്ചു. ബുധനാഴ്ചയാണ് പ്ലാന്റിൽ ഉൽപ്പാദനം തുടങ്ങിയത്. 15 ടൺ തുണിത്തരങ്ങളാണ് ആദ്യ ദിനം നിർമിച്ചത്. പ്ലാന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം പിന്നീട് നടത്താനാണ് കമ്പനിയുടെ തീരുമാനം.
പ്ലാന്റിലേക്ക് 25,000 ജീവനക്കാരെയാണ് നിയമിക്കുന്നതെന്ന് കിറ്റക്സ് ഗ്രൂപ്പ് എംഡി സാബു ജേക്കബ് പറഞ്ഞു. ആയിരക്കണക്കിന് മലയാളി യുവാക്കൾ ജോലിക്കായി അപേക്ഷിച്ചിട്ടുണ്ട് . കേരളത്തിൽ നിന്നും രക്ഷപ്പെടാനാണ് യുവാക്കൾ ശ്രമിക്കുന്നത്. കേരളത്തിൽ ആയിരുന്നെങ്കിൽ എന്റെ ജീവിത കാലത്ത് ഈ പ്ലാന്റ് യാഥാർത്ഥ്യമാകില്ല. അത്രയ്‌ക്കും നൂലമാലകളാണ് കേരളത്തിലെന്നും അദ്ദേഹം പറഞ്ഞു.
നിക്ഷേപം ആകർഷിക്കാൻ കോടികൾ പൊടിച്ച് സംഘടിപ്പിച്ച ഇൻവസ്റ്റ് കേരള സമിറ്റ് ഒരു മാസം മുമ്പാണ് കൊച്ചിയിൽ നടന്നത്. അതേ എറണാകുളം വിട്ടാണ് കിറ്റക്സ് തെലങ്കാനയിലേക്ക് ചേക്കേറിയതും. 3,500 കോടി രൂപ ചെലവിൽ കേരളത്തിൽ പ്ലാന്റ് സ്ഥാപിക്കാനാണ് ആദ്യ കമ്പനി തീരുമാനിച്ചത്. ഇടത് സർക്കാരിന്റെ നിസ്സഹകരണത്തിലും നൂലാമാലകളിലും മനം മടുത്താണ് സാബു ജേക്കബ് കേരളം വിട്ടത്. സാബു ജേക്ക 2021 ലാണ് തെലങ്കാന പ്ലാന്റ് പ്രഖ്യാപിച്ചത്. 2022ൽ പ്ലാന്റിന്റെ നിർമ്മാണം ആരംഭിച്ചു. കഴിഞ്ഞ ജനുവരിയിലാണ് ട്രയൽ റൺ ആരംഭിച്ചത്.
വൈസ് പ്രസിഡന്റ് മുതൽ ഫാക്ടറി തൊഴിലാളികളെ വരെ നിയമിക്കാനുള്ള പത്ര പരസ്യം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നൽകിയിട്ടുണ്ട്. 300 പേരെ ഇതിനകം പ്ലാന്റിലേക്ക് നിയമിച്ചു. ഫാക്ടറി പൂർണ്ണതോതിൽ പ്രവർത്തനം ആരംഭിക്കുമ്പോൾ പ്രതിദിനം 13 ലക്ഷം തുണിത്തരങ്ങൾ ഉൽപ്പാദിപ്പിക്കാനാകും.















