എറണാകുളം: ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി അറസ്റ്റിലായ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ യുവതാരങ്ങളായ ഷൈൻ ടോം ചാക്കോയും ശ്രീനാഥ് ഭാസിക്കും നോട്ടീസ് നൽകാനൊരുങ്ങി എക്സൈസ്. സിനിമാ മേഖലയെ കേന്ദ്രീകരിച്ച് അന്വേഷണം കൂടുതൽ ശക്തമാക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. താരങ്ങൾക്ക് ലഹരിമരുന്ന് എത്തിച്ച് കൊടുത്തിട്ടുണ്ടെന്നും ഒന്നിച്ചിരുന്ന് ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നും അറസ്റ്റിലായ തസ്ലീമ വെളിപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ദിവസം തസ്ലീമയുടെ വാട്സ്ആപ്പ് ചാറ്റുകൾ പൊലീസ് പരിശോധിച്ചു. സിനിമാ മേഖലയിലുള്ളവരുമായി തസ്ലീമയ്‌ക്ക് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ചാറ്റുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തുടർന്നാണ് താരങ്ങൾക്ക് നോട്ടീസ് നൽകാൻ തീരുമാനിച്ചത്.
പിടിയിലായ തസ്ലീമയുടെയും കൂട്ടാളി ഫിറോസിന്റെയും ഫോൺ ശാസ്ത്രീയ പരിശോധനയ്‌ക്ക് വിധേയമാക്കും. ഇവർ പ്രധാനമായും ഫോൺ വഴിയാണ് ലഹരി ഇടപാടുകൾ നടത്തിയിരുന്നതെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായിട്ടുണ്ട്. വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം ചാറ്റുകളിലൂടെയാണ് ഇടപാടുകൾ നടത്തിയിരുന്നത്.
എക്സൈസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഹൈബ്രിഡ് കഞ്ചാവുമായി തസ്ലീമയുടെ കൂട്ടാളിയും പിടിയിലായത്. പെൺവാണിഭ സംഘവുമായും പങ്കുണ്ടെന്ന് പ്രതികൾ സമ്മതിച്ചിട്ടുണ്ട്. നേരത്തെ പോക്സോ കേസിൽ അറസ്റ്റിലായ പ്രതിയാണ് തസ്ലീമ. തമിഴ് സിനിമാ മേഖലയുമായും ഇവർക്ക് ബന്ധമുണ്ട്. കൂടുതൽ ആളുകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കും.















